1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2016

സ്വന്തം ലേഖകന്‍: അഴിമതി ആരോപണം, രാജി വക്കാന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ. അധികാര കൈമാറ്റം സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്ക് നാഷണല്‍ അസംബ്‌ളി അംഗീകാരം നല്‍കിയാലുടന്‍ സ്ഥാനമൊഴിയാമെന്നാണ് പാര്‍ക്കിന്റെ വാഗ്ദാനം. എന്നാല്‍ ഇംപീച്ചുമെന്റ് ഒഴിവാക്കാനാണു പാര്‍ക്കിന്റെ നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യ പ്രതിപക്ഷ കക്ഷിയായ മിന്‍ജൂ പാര്‍ട്ടി ആരോപിച്ചു.

ചോയി സൂണ്‍സില്‍ എന്ന വനിതാ സുഹൃത്തിനു ഭരണത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യം അനുവദിച്ചതാണു പാര്‍ക്കിനു വിനയായത്. ചോയി വന്‍കിട കമ്പനികളെ സ്വാധീനിച്ച് വന്‍തുക സ്വന്തം കമ്പനികളിലേക്ക് ഒഴുക്കി. ഇതിനു പാര്‍ക്കു കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. പാര്‍ക്കിനെ ചോദ്യം ചെയ്യുമെന്നു നേരത്തെ പ്രോസിക്യൂട്ടര്‍മാര്‍ പ്രസ്താവിച്ചിരുന്നു.

കൊറിയയിലെ റാസ്പുട്ടിന്‍ എന്നാണ് ചോയിയെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സാംസംഗ് ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍നിന്ന് ആറു കോടി ഡോളര്‍ ചോയി തട്ടിയെടുത്തെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിനു കൂട്ടുനിന്ന പാര്‍ക് ക്രിമിനല്‍കുറ്റമാണു ചെയ്തത്.

എന്നാല്‍ പ്രസിഡന്റ് പദവിക്കു നിയമ പരിരക്ഷയുള്ളതിനാല്‍ പാര്‍ക്കിനെതിരേ കുറ്റം ചുമത്താനാവില്ല. സ്ഥാനമൊഴിഞ്ഞാല്‍ കേസ് എടുക്കാം. ഒരു മാസമായി എല്ലാ വാരാന്തങ്ങളിലും പാര്‍ക്കിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് സിയൂളില്‍ പടുകൂറ്റന്‍ റാലികള്‍ നടത്തിവരികയാണ്.

മൂന്നു പ്രതിപക്ഷകക്ഷികളും പാര്‍ക്കിന്റെ പാര്‍ട്ടിയിലെ ഏതാനുംപേരും ഇംപീച്ചുമെന്റിനെ അനുകൂലിക്കുകയാണ്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഈയാഴ്ച തന്നെ പ്രമേയം പാസാക്കാനാണു നീക്കം.

പ്രമേയം പാസായാല്‍ പാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യും. പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേല്‍ക്കും. ഇംപീച്ചുമെന്റ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഭരണഘടനാ കോടതിയുടെ അംഗീകാരംകൂടി കിട്ടണം. ഇതിന് ആറുമാസം വരെ സമയം എടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.