1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ കലാപം രൂക്ഷം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചന. തലസ്ഥാന നഗരമായ ജൂബയില്‍ തിങ്കളാഴ്ചയും കനത്ത ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭാ സേനയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന രണ്ടു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടതായി ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭാ സേനയുടെ നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവവികാസങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, സമാധാന പുനഃസ്ഥാപനത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും ആവശ്യപ്പെട്ടു.

യു.എന്‍ സുരക്ഷാസമിതിയുടെ 15 അംഗങ്ങളും ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ചു. സംഘര്‍ഷത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും അപലപിച്ചു. ജൂബയിലെ എംബസി ജീവനക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

സുരക്ഷ അനിശ്ചിതത്വത്തിലായതിനാല്‍ ദക്ഷിണ സുഡാനിലേക്ക് യാത്രചെയ്യരുതെന്ന് ബ്രിട്ടനും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേതാക്കള്‍ക്ക് ഇച്ഛാശക്തിയില്ലാത്തതാണ് സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണമെന്ന് ആക്രമണങ്ങളെ അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ ഫ്രാന്‍സിന്റെ യു.എന്‍ പ്രതിനിധി പറഞ്ഞു.

പ്രസിഡന്റ് സല്‍വാ ഖൈറിനെ പിന്തുണക്കുന്ന ഡിന്‍കയും വൈസ് പ്രസിഡന്റ് റീക് മാഷറിനെ പിന്തുണക്കുന്ന നുവറും തമ്മിലാണ് ദക്ഷിണ സുഡാനില്‍ രൂക്ഷ പോരാട്ടം നടക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രാധീനമാണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും മാഷറുടെ സൈനികവിഭാഗം ഇത് നിഷേധച്ചു.

വിദേശരാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച സമാധാനക്കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ സല്‍വാ ഖൈര്‍ തയാറാകാത്തതാണ് കാലുഷ്യങ്ങള്‍ക്ക് കാരണമെന്ന് സൈനിക വക്താവ് ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.