1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2020

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ഇന്ത്യയെയും സമീപിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അനുമതിക്കായി ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതന്നത്. രാജ്യത്തെ ഏത് ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് നടത്തിയ ഉപയോക്താക്കളുടെ അഭിപ്രായത്തിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഏറ്റവും മികച്ചതാണെന്നാണ്.

സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യകൾക്ക് ഇന്ത്യ അനുമതി നൽകണമെന്നാണ് ഇലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചത്. സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ന് സമർപ്പിച്ച ഫയലിംഗിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം തുടർച്ചയായ സ്റ്റാർലിങ്ക് കവറേജുകൾക്കായി സാറ്റലൈറ്റുകൾ വിന്യാസിക്കാൻ പോകുകയാണെന്നും കമ്പനി അറിയിച്ചു.

സ്റ്റാർട്ട്‌ലിങ്ക് പോലുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് അപ്‌ഡേറ്റ് ചെയ്ത നിയമങ്ങൾ, നയങ്ങൾ, നിയന്ത്രണം എന്നിവ പരിഗണിക്കേണ്ടതുണ്ടെന്ന് ട്രായ് കൺസൾട്ടേഷൻ പേപ്പറിന് മറുപടിയായി സാറ്റലൈറ്റ് ഗവൺമെന്റ് അഫയേഴ്‌സ് സ്‌പേസ് എക്‌സ് വൈസ് പ്രസിഡന്റ് പട്രീഷ്യ കൂപ്പർ പറഞ്ഞു. എന്നാൽ, സ്പേസ് എക്സിന്റെ പുതിയ നീക്കം രാജ്യത്തെ ടെലികോം കമ്പനികൾക്ക് വൻ ഭീഷണി തന്നെയാണ്. കേബിളും ടവറുകളും ഇല്ലാതെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കാൻ തുടങ്ങുന്നതോടെ നിലവിലെ ടെലികോം വിപണി തകരുമെന്ന കാര്യം ഉറപ്പാണ്.

ആഴ്ചകൾക്ക് മുന്‍പാണ് അമേരിക്കയിൽ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിനായുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയത്. സേവനം വളരെ വേഗമുള്ളതാണെന്നാണ് പലരും റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാർലിങ്ക് ഒരു ഗെയിം ചേഞ്ചറാണ്, നേരത്തെ തനിക്ക് 0.5-12mb / s (Mbps) വേഗമാണ് ലഭിച്ചിരുന്നത്. ഇപ്പോൾ തനിക്ക് 100-160mb / s ലഭിക്കുന്നുണ്ടെന്നാണ് ഒരു ടെസ്റ്റ് ഉപയോക്താവ് പറഞ്ഞത്. സ്റ്റാർലിങ്ക് പബ്ലിക് ബീറ്റയിലേക്ക് ക്ഷണം ലഭിച്ച ഭാഗ്യമുള്ള ഉപഭോക്താക്കൾ അവരുടെ വീടുകളിൽ സാറ്റലൈറ്റ് ഡിഷ് സംവിധാനം ഇൻസ്റ്റാൾ ചെയ്താണ് നെറ്റ് ഉപയോഗിക്കുന്നത്. ഇവരെല്ലാം ടെസ്റ്റിങ് റിപ്പോർട്ട് ട്വിറ്ററിലും റെഡ്ഡിറ്റിലും പോസ്റ്റുചെയ്യുന്നുണ്ട്.

സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് വഴി 1440p, 4K വിഡിയോ എന്നിവ യൂട്യൂബിൽ സീറോ ബഫറിങ്ങിൽ സ്ട്രീം ചെയ്യുന്നുണ്ടെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. മറ്റൊരു ഉപയോക്താവ് പറഞ്ഞത് തന്റെ കണക്ഷൻ 174 എംബിപിഎസിന് മുകളിൽ വരെ പോയെന്നാണ്. ഒരുപക്ഷേ ഇത് സ്റ്റാർലിങ്ക് വഴിയുളള ഏറ്റവും ഉയർന്ന ഡൗൺലോഡ് വേഗമായിരിക്കും. അതേസമയം, ലേറ്റൻസി ശരാശരി 33 മില്ലിസെക്കൻഡാണ്, ഇത് അടിസ്ഥാന അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്ക് തുല്യമാണ്.

മറ്റൊരു ഉപയോക്താവ് സെൽഫോൺ പരിധിക്കു പുറത്തുള്ള കാട്ടിനുള്ളിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് വിജയകരമായി പരീക്ഷിച്ചു. സര്‍വീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കാട്ടില്‍ നിന്ന് തത്സമയ വീഡിയോ കോളും മറ്റു ചില പരീക്ഷണങ്ങളും നടത്തി. അതേസമയം, ചില സ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷൻ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് കവറേജ് കാരണമാകാം ഇതെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിലവിൽ, സ്റ്റാർ‌ലിങ്കിനെ ശക്തിപ്പെടുത്തുന്നതിനായി സ്‌പേസ് എക്‌സ് 800 ഉപഗ്രഹങ്ങൾ മാത്രമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഉയർന്ന ഇന്റർനെറ്റ് വേഗം ലഭിക്കുന്നതിനും ലേറ്റൻസി കുറയ്ക്കുന്നതിനും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ലക്ഷ്യം. അടുത്ത വർഷം സ്റ്റാർലിങ്കിന്റെ ആഗോള ലോഞ്ചിങ് നടക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.