1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം; ശ്രീലങ്കന്‍ സൈന്യം സംശയത്തിന്റെ നിഴലില്‍. തമിഴ്പുലികളും സൈന്യവും തമ്മില്‍ 30 വര്‍ഷംനീണ്ട ആഭ്യന്തരയുദ്ധം നടന്ന മേഖലയിലാണ് 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മന്നാര്‍ ജില്ലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ 14 എണ്ണം കുട്ടികളുടേതാണെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ച സ്ഥലമാണോ ഇതെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള പരിശോധനകള്‍ തുടരുകയാണ്. പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കഴിഞ്ഞ മാര്‍ച്ചില്‍ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത്.

ഇതിനു പിന്നാലെ അധികൃതര്‍ പ്രദേശത്ത് ഖനനം നടത്തിയിരുന്നു. മന്നാര്‍ മജിസ്‌ട്രേട്ട് കോടതിയിലെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിട്ടുള്ള അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ നിരവധിപേരെ കാണാതായെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ അധികൃതര്‍ പ്രത്യേക ഓഫീസ് തന്നെ തുറക്കുകയും ചെയ്തു.

സായുധ പോരാട്ടത്തിനിടെ 25,000 ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവിധ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിനിടെ 1983 മുതല്‍ 2009 വരെ മന്നാര്‍ അടക്കമുള്ള പ്രദേശങ്ങള്‍ എല്‍.ടി.ടി.ഇയുടെ നിയന്ത്രണത്തിലായിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ 40,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ശ്രീലങ്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍തന്നെ ചര്‍ച്ചയായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.