1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, രാജപക്‌സെയുടെ പതനം പൂര്‍ണം, റനില്‍ വിക്രമസിംഗെ അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കേവല ഭൂരിപക്ഷമായിട്ടില്ലെങ്കിലും രാജപക്ഷെ വിരുദ്ധരുടെ പിന്തുണയോടെ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പായി. റനില്‍ വിക്രമസിംഗെ (66) പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ രാജപക്ഷെയെ തോല്‍പിച്ചു പ്രസിഡന്റ് പദവിയിലെത്തിയ മൈത്രിപാല സിരിസേന ഭരണനടപടികള്‍ സുഗമമാക്കാന്‍ നേരത്തേ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പു നടന്ന 196 സീറ്റുകളില്‍ ഭരണകക്ഷിയായ യുഎന്‍പി 93 എണ്ണം നേടി. രാജപക്ഷെയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന് (യുപിഎഫ്എ) 83 സീറ്റുകളാണു ലഭിച്ചത്. 225 അംഗ പാര്‍ലമെന്റിലേക്കു ശേഷിക്കുന്ന 29 സീറ്റുകളിലേക്കു വിവിധ പാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ നാമനിര്‍ദേശം നടത്തുകയാണു ചെയ്യുക. കേവല ഭൂരിപക്ഷത്തിനു 113 സീറ്റുകള്‍ വേണം. യുഎന്‍പി പ്രതീക്ഷിക്കുന്നതു 106 സീറ്റുകളാണ്.

ആകെ ലഭിച്ചതില്‍ 45.7 ശതമാനം വോട്ടുകള്‍ യുഎന്‍പിക്കാണ്. രാജപക്ഷെയുടെ മുന്നണിക്കു 42.4 ശതമാനവും. 22 ഇലക്ടറല്‍ ജില്ലകളില്‍ 11 എണ്ണം യുഎന്‍പിക്കു ലഭിച്ചു. യുപിഎഫ്എയ്ക്ക് എട്ടും. വടക്കന്‍മേഖലയിലെ തമിഴ് ഭൂരിപക്ഷ ജില്ലകളില്‍ തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ) നേട്ടമുണ്ടാക്കി.

രാജപക്ഷെയുടെ മടങ്ങിവരവു പരാജയപ്പെട്ടതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവികത്താവളം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കും തിരിച്ചടിയാകും. രാജപക്ഷെയുടെ ഭരണകാലത്തു ചൈന ലങ്കയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഈ കാലയളവില്‍ വന്‍നിക്ഷേപമാണു ശ്രീലങ്കന്‍ തീരങ്ങളില്‍ ചൈന നടത്തിയത്. ചൈനയെക്കാള്‍ ഇന്ത്യയോട് അടുപ്പം പുലര്‍ത്തുന്നവരാണു സിരിസേനയും വിക്രമസിംഗെയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.