1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2018

സ്വന്തം ലേഖകന്‍: ‘റിഹേഴ്‌സലിനിടെ മുന്‍കൂട്ടി ചോദിക്കാതെ ദൃഡമായി ചേര്‍ത്തു പിടിച്ചു,’ തമിഴ് നടന്‍ അര്‍ജ്ജുനെതിരെ മീ ടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരന്‍; ആരോപണം ഞെട്ടല്‍ ഉണ്ടാക്കിയെന്ന് അര്‍ജ്ജുന്‍. അടുത്തിടെ പുറത്തിറങ്ങിയ നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിച്ചത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറഞ്ഞു. മീടൂ കാമ്പയിനെ അഭിനന്ദിച്ച ശേഷമാണ് ശ്രുതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

ശ്രുതിയുടെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അര്‍ജുന്‍ പ്രതികരിച്ചു. ഒരു കന്നട ചാനലനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയുടെ ആരോപണം തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അത് തെറ്റാണെന്നും അര്‍ജുന്‍ പ്രതികരിച്ചു. ശ്രുതി സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ശ്രുതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ പലതവണ ലൈംഗികമായി ഞാന്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ മാത്രമല്ല, മിക്ക പെണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിക്കാണും. ചിലപ്പോള്‍ അത് വാക്കുകളാകാം അല്ലെങ്കില്‍ ലൈംഗിക ചേഷ്ടകളാകാം. ജോലി സ്ഥലത്തു നിന്നോ സമൂഹത്തില്‍ നിന്നു തന്നെയോ ആകാം ഇത് ഉണ്ടാകുക. എന്റെ അനുഭവം ഞാന്‍ പങ്കുവയ്ക്കുന്നു.

അര്‍ജുന്‍ സര്‍ജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങള്‍ സാധാരണ പോലെ കടന്നുപോയി. അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രേമരംഗം ചിത്രീകരിക്കണമായിരുന്നു.

ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങള്‍ ആലിംഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്തുപിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി.

സിനിമയില്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനോട് പൂര്‍ണ യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇക്കാര്യം തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാല്‍ അദ്ദേഹം ചെയ്തത് ഞാന്‍ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു.

ക്യാമറ റോള്‍ ചെയ്ത് ഷൂട്ട് ചെയ്യുന്നതിന് മുന്‍പായി രംഗങ്ങള്‍ റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. അഭിനേതാവിന്റെ ശരീര ഭാഷ, അവതരണം ഇതൊക്കെ മനസിലാക്കുന്നതിന് ഇത് സഹായകരമാണ്. അതൊരു മാതൃകാപരമായ നടപടിയാണ്. നിങ്ങള്‍ സംസാരിക്കുന്നു, അഭിനയിക്കുന്നു, ഒടുവില്‍ ആ രംഗത്തിനു വേണ്ടത് കണ്ടെത്തുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ രംഗത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഞാന്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം രംഗങ്ങള്‍ ആകുമ്പോള്‍.

ചിത്രത്തിന്റെ സംവിധായകനും എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്‌സലുകള്‍ക്ക് താല്‍പര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും ഡയറക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിനെ ഞാന്‍ അറിയിച്ചു. എന്റെ മെയ്ക്കപ്പ് ടീമിനോടും ഈ സംഭവം ഞാന്‍ പങ്കു വച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.