1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2017

 

സ്വന്തം ലേഖകന്‍: കേരള സര്‍ക്കാര്‍ നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററില്‍, പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ആം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്. 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മറ്റു ക്ലാസ്സുകളിലെ പരീക്ഷകള്‍ 31 ലേക്ക് മാറ്റി.

ചോദ്യപേപ്പര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അധ്യാപകന്‍ തയാറാക്കിയ ചോദ്യങ്ങള്‍ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചത്. 13 ചോദ്യങ്ങളാണ് ഇങ്ങനെ എസ്എസ്എല്‍സി ചോദ്യപേപ്പറിലും ട്യൂഷന്‍ സെന്ററിന് മുന്‍കൂട്ടി നല്‍കിയ ചോദ്യാവലിയിലും ഒരുപോലെ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നസ്ഥിതിക്ക് പുന:പരീക്ഷ നടത്താതിരുന്നാല്‍ കേസുമായി കോടതിയില്‍ ആരെങ്കിലും എത്തിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുന:പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയാറാക്കിയ അധ്യാപകന് മലപ്പുറത്തെ മെരിറ്റ് എന്നറിയപ്പെടുന്ന മലബാര്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഈ അധ്യാപകന്‍ അവിടെ ഗസ്റ്റ് അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി എസ്എസ്എല്‍സി ചോദ്യപേപ്പറിന് അടുത്ത സാമ്യമുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇക്കുറി കണക്ക് ഏറെ പ്രയാസകരമായിരുന്നു. അതിനാലാണ് പലരും ചോദ്യപേപ്പര്‍ വിശദമായി പരിശോധിക്കാന്‍ തയാറായത്. പഠിപ്പിക്കാത്ത പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളെ കുഴക്കി ചോദ്യപേപ്പര്‍ തയാറാക്കിയെന്നു ചൂണ്ടിക്കാട്ടി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.