1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2018

സ്വന്തം ലേഖകന്‍: കാലത്തിന്റെ ചരിത്രമെഴുതിയ ഒരേയൊരു ഹോക്കിങ്; സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയാകുമ്പോള്‍.  നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ എന്ന ബഹുമതിയും സ്വന്തമാക്കിയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങുന്നത്. തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ശരീരത്തിന്റെ അവശതകളെ മറികടന്ന അത്ഭുത മനുഷ്യനായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷത്തെ സമയം മാത്രം വിധിച്ച സ്റ്റീഫന്‍ ഹോക്കിങ് എന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വൈദ്യശാസ്ത്രം പോലും മുട്ടുമടക്കുകയായിരുന്നു.

ഇച്ഛാശക്തിയും ദൃഢനിശ്ചയവും ആത്മവിശ്വാസവും ഒന്നാകുമ്പോള്‍ ഒരു വ്യക്തിക്ക് മുന്നില്‍ ഈ ലോകം ചെറുതാവുന്ന കാഴ്ചയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നത്. യുഎയിലെ ഓക്‌സ്‌ഫോഡില്‍ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിന് ജനിച്ച ഈ മഹാപ്രതിഭ പിന്നീട് ലോകത്തെ കീഴടക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഓക്‌സഫോഡിലെ ഗവേഷണ പഠനങ്ങള്‍ക്കൊപ്പം പെട്ടെന്ന് ഒരു ദിവസമായിരുന്നു ഹോക്കിങ് കുഴഞ്ഞുവീഴുന്നത്. വിശദമായ പരിശോധനയില്‍ മാരകമായ മോട്ടോര്‍ ന്യൂറോണ്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.

രോഗം മൂര്‍ച്ഛിച്ച് ക്രമേണചലനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട ഹോക്കിങ് പിന്നീട് തന്റെ ജീവിതം ഒരു വീല്‍ചെയറിലേക്കൊതുക്കുകയായിരുന്നു. വീല്‍ചെയറിലെ ചെറിയ ജീവിതത്തിലൂടെ ഹോക്കിങ് വലിയ ലോകത്തെ സ്വന്തമാക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ആയുസ്സല്ല തനിക്ക് മുന്നിലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഹോക്കിങ് തന്റെ പ്രവര്‍ത്തികളിലൂടെ. താന്‍ വിശ്വസിച്ച ശാസത്രത്തോടുള്ള വെല്ലുവിളി കൂടിയായിരുന്നു അത്.

തന്റെ ശാരീരിക അവശതകളെ മറികടന്ന് ഹോക്കിങ് ജീവിച്ചത് ഒരു പക്ഷെ വൈദ്യശാസ്ത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. മാരകമായ രോഗം തന്റെ ശരീരത്തെ തളര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹം മഹാവിസ്‌ഫോടന സിദ്ധാന്തങ്ങളെ കുറിച്ചും തമോഗര്‍ത്തങ്ങളെ കുറിച്ചും പഠിച്ചു. ആ പഠനങ്ങള്‍ പിന്നീട് അദ്ദേഹത്തെ ലോകപ്രശസ്തിയിലേക്കെത്തിക്കുകയായിരുന്നു. തമോഗര്‍ത്തങ്ങളെ കുറിച്ച് ലഭ്യമായ വിവരങ്ങളില്‍ പലതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടവയാണ്.

വീല്‍ചെയറിലേ വേദനയാര്‍ന്ന ജീവിതത്തെ മറിടന്നുകൊണ്ടാണ് പ്രപഞ്ച രഹസ്യവുമായി ബന്ധപ്പെട്ട പല നിരീക്ഷണങ്ങളും ഗവേഷണങ്ങളും അദ്ദേഹം സംഭവന ചെയ്തത്. ലോകത്തുള്ള മുഴുവന്‍ ശാസ്ത്രപ്രതിഭകള്‍ക്കും ഒരു പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചലനമറ്റ ശരീരം കൊണ്ട് പ്രപഞ്ച രഹസ്യം വിഭാവനം ചെയ്ത ഹോക്കിങ് ഇന്നും മനുഷ്യരാശിയ്ക്ക് ഒരു വിസ്മയമാണ്. പലരും തള്ളികളയുമായിരുന്ന വീല്‍ചെയറിലെ ജീവിതത്തിലൂടെ ലോകത്തിന് മുന്നില്‍ പുതിയ വഴികള്‍ കൂടി കാണിക്കുകയായിരുന്നു ഹോക്കിങ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.