1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍, ടിക്കറ്റ് നിരക്കുകളില്‍ മൂന്നിരട്ടിയോളം വര്‍ധന. കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങിയതോടെ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്ന പ്രവാസികളുടെ കഴുത്തറക്കുന്ന ടിക്കറ്റ് നിരക്കാണ് ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്ന് പരാതി ഉയരുന്നു.

ഇക്കാര്യത്തില്‍ ഇന്ത്യയിലേയും വിദേശത്തേയും വിമാനക്കമ്പനികള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നും അനുഭവസ്ഥര്‍ പറയുന്നു. ഗള്‍ഫ് നാടുകളിലുള്ള മലയാളികളാണു രണ്ടിരട്ടിയും മൂന്നിരട്ടിയും വരെ ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചുകൊണ്ടുള്ള വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് കൊടുംകൊള്ളയ്ക്ക് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത്.

സാധാരണ സമയത്ത് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു യുഎഇയിലേക്കുള്ള എകദേശ നിരക്ക് 4,000 രൂപക്കും നും 7,000 രൂപക്കും ഇടയിലും സൗദിയിലേക്ക് 15,000 താഴെയും ഖത്തറിലേക്ക് 7,000 നും 9,000 നും ഇടയിലുമാണ്. എന്നാല്‍, കേരളത്തില്‍ സ്‌കൂള്‍ പൂട്ടി വേനല്‍ അവധി തുടങ്ങുമ്പോള്‍ ടിക്കറ്റ് നിരക്ക് യുഎഇയിലേക്ക് 25,000 വരെയും സൗദിയിലേക്ക് 25,000 നും 35,000 നും ഇടയിലും ഖത്തറിലേക്ക് 27,000 നു മുകളിലും എന്ന നിലയില്‍ കുത്തനെ ഉയരുകയാണ്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കുകള്‍ക്കും സമാനമായ വര്‍ധനയുണ്ട്. ഉംറ സീസണ്‍ കൂടിയായതിനാല്‍ നിരക്ക് കുത്തനെ കൂടുകയാണ്. കേരളത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ പ്രവാസികള്‍ കുടുംബങ്ങളെ ഗള്‍ഫിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും കമ്പനികള്‍ പരമാവധി മുതലാക്കുന്നു. കൂടാതെ ഇത്തവണ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്താന്‍ ശ്രമിച്ച പ്രവാസികള്‍ക്കും നിരക്കുകള്‍ തിരിച്ചടിയായി.

നേരത്തെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് വരെ ഒരുമിച്ച് വോട്ട് ചെയ്യാനെത്തിയിരുന്ന പ്രവാസികള്‍ക്ക് വിമാന നിരക്കില്‍ കൈപൊള്ളുകയാണ്. എല്ലാ സീസണിലും ഒരേ രീതിയില്‍ ടിക്കറ്റ് നിരക്കു നിശ്ചയിക്കുക അസാധ്യമാണെന്നും ഇക്കാര്യത്തില്‍ ലോകമെമ്പാടും പിന്തുടരുന്ന ‘ഡൈനമിക് പ്രൈസിങ്’ രീതിയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും വിമാനക്കമ്പനികള്‍ പറയുന്നു.

കാലങ്ങളായി വിമാനക്കമ്പനികള്‍ യാത്രക്കാരുടെ ആവശ്യം നോക്കി ടിക്കറ്റ് നിരക്കു കൂട്ടാറുള്ളതിനാല്‍ പലപ്പോഴും പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര മാറ്റിവക്കേണ്ടി വരാറുണ്ട്. വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുകയാണെന്നു പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് തുറന്നു സമ്മതിച്ചിട്ടും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും കര്‍ശനമായ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.