1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; ഇത് അപഹാസ്യമെന്ന് തരൂര്‍. ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ദില്ലി പൊലീസ് കുറ്റപത്രം നല്‍കിയത്. കേസില്‍ ഈമാസം 24ന് വീണ്ടും വാദം കേള്‍ക്കും.

2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അല്‍പ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളില്‍ കണ്ടെത്താതിരുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോര്‍ട്ട് കെട്ടിച്ചമയ്ക്കാന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായെന്ന് ഡോ.ഗുപ്ത പിന്നീട് ആരോപിച്ചു. എയിംസ് ഓട്ടോപ്‌സി വിഭാഗം നടത്തിയ പരിശോധനയില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി.

അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതില്‍ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈല്‍ ഫോണില്‍ വന്ന കോളുകളും അവര്‍ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു. ഇതിനിടെ സുനന്ദപുഷ്‌കര്‍ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി.എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കുറ്റപത്രം അപഹാസ്യമെന്നും കോടതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്നും ശശി തരൂര്‍. സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.