1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2015

സ്വന്തം ലേഖകന്‍: കുഞ്ഞ് അലീഷക്കരുകില്‍ ചെല്‍റ്റന്‍ഹാമിന്റെ സണ്ണിച്ചേട്ടന് അന്ത്യവിശ്രമം, സണ്ണി സെബാസ്റ്റ്യന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പരേതന്റെ പ്രിയപ്പെട്ട നിറമായ നീലയിലാണ് എല്ലാവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ ജോയ് വയലില്‍, ഫാ സക്കറിയ കാഞ്ഞൂപറമ്പില്‍ എന്നിവര്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാസങ്ങള്‍ക്ക് മുമ്പ് ചെല്റ്റന്‍ഹാമിനെ ഞെട്ടിച്ച് കടന്നുപോയ കുരുന്ന് ജീവന്‍ അലീഷയുടെ കല്ലറക്ക് സമീപമാണ് സണ്ണി ചേട്ടനും അന്ത്യവിശ്രമമൊരുക്കിയത്. താന്‍ മരിച്ചാല്‍ അലീഷക്കടുത്ത് അന്ത്യവിശ്രമം ഒരുക്കണമെന്ന് സണ്ണിച്ചേട്ടന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാസ്യാ സഹോദരന്‍, ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ സംബന്ധിച്ചു.

നിരവധി പൂക്കള്‍ കൊണ്ടുള്ള ബൊക്കകള്‍ നല്‍കിയാണ് തങ്ങളുടെ പ്രിയ സുഹൃത്തിന് അസോസിയേഷന്‍ അംഗങ്ങള്‍ യാത്രാമൊഴി നല്‍കിയത്. മൃതദേഹം രാവിലെ പതിനൊന്ന് മണിയോടെ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെത്തിച്ച് മലയാളം കുര്‍ബാനയോടെ ചടങ്ങുകളാരംഭിച്ചു.

ഡോ ബിജു, ചെല്‍റ്റന്‍ഹാം അസോസിയേഷന്‍ പ്രതിനിധി വിനോദ് മണി, മകന്‍ ഷോന്‍ സണ്ണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരണാനന്തര ചടങ്ങുകളില്‍ സഹകരിക്കുകയും കുടുംബത്തിന് താങ്ങായി നില്‍ക്കുകയും ചെയ്ത ഏവര്‍ക്കും സിബിന്‍ സണ്ണി നന്ദി പറഞ്ഞു. ഉച്ചയോടെ ചെല്‍റ്റന്‍ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി.

ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായാണ് വെറും 57 വയസു മാത്രം പ്രായമുള്ള സണ്ണിച്ചേട്ടന്‍ ഒക്ടോബര്‍ 26 തിങ്കളാഴ്ച ഉച്ചക്കു ഒരു മണിയോടെ വിട പറഞ്ഞത്. ചെല്‍റ്റെന്‍ഹാം ജെനെറല്‍ ഹോസ്പിറ്റലില്‍ വെച്ചു ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

കോട്ടയം അതിരമ്പുഴ സ്വദേശിയായിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മാടപ്പള്ളില്‍ കുടുംബാങ്കമായിരുന്നു. കോട്ടയം അമ്മഞ്ചേരി സ്വദേശി ആയ മോളി ജോസഫ് ആണ് ഭാര്യ. സിബിന്‍ (25), ഷോണ്‍ (18) എന്നിവര്‍ മക്കളാണ്. ചെല്‍റ്റെന്‍ഹാമില്‍ താമസമാക്കിയിട്ടൂള്ള ടിജു തോമസ്, ടിന്‍സി തോമസ്, മഞ്ജു ഗ്രിംസണ്‍, സ്മിത ടിജു, ബെന്‍സന്‍ തോമസ്, ഗ്രിംസണ്‍ ജോണ്‍ എന്നിവര്‍ അടുത്ത കുടുംബാംഗങ്ങളാണ്.

ഗ്ലോസ്റ്റെര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന
സണ്ണിച്ചേട്ടന്‍ ജി എം എ യുടെ ജോയിന്റ് സെക്രട്ടറി, എക്‌സിക്യുറ്റീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാര ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.