1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ ‘സപ്പോര്‍ട്ട് നിതാഖാത്ത്’ പദ്ധതി വരുന്നു, സ്വദേശിവല്‍ക്കരണത്തിനു പകരം നിശ്ചിത തുകയടക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം. സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് നിര്‍ദേശിച്ച നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി സ്ഥാപനത്തിന്റെ പദവി ഉയര്‍ത്താന്‍ അവസരം ലഭിക്കും.

നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ പല സേവനങ്ങളും നഷ്ടമായിരുന്നു. ഇവയെ ചുവപ്പ്, മഞ്ഞ എന്നീ വിഭാഗങ്ങളില്‍പ്പെടുത്തി മാറ്റിനിര്‍ത്തിരുന്നു. അതോടെ കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് എന്നിവ പുതുക്കുന്നതിനും തടസം നേരിടും.

ഈ സാഹചര്യത്തിലാണ് നിതാഖാത്ത് പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുളള സ്ഥാപനങ്ങളുടെ പദവി ഉയര്‍ത്തുന്നതിന് സപ്പോര്‍ട്ട് നിതാഖാത്ത് നടപ്പിലാക്കുന്നത്. സ്വദേശിവത്ക്കരണ പ്രകാരം പദവി മെച്ചപ്പെടുത്തുന്നതിന് നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് പകരം പ്രത്യേകം ഫീസ് അടച്ച് പദവി ഉയര്‍ത്തുന്നതാണ് പദ്ധതി. മതിയായ സ്വദേശികളെ നിയമിക്കാത്തതിനാല്‍ സ്ഥാപനം വിപുലീകരിക്കുന്നതിനും ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനും തൊഴില്‍, വാണിജ്യ മന്ത്രാലയങ്ങള്‍ അനുമതി നല്‍കാത്തവര്‍ക്ക് പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ഇത്തരത്തില്‍ പദവി ഉയര്‍ത്തുന്നതിന് ഓരോ മാസവും ഭീമമായ തുക അടക്കേണ്ടിവരും. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.