1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2016

സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, 38 ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയതായി സൈനീക മേധാവി ഡിജിഎംഒ ലഫ്.ജനറല്‍ റണ്‍ബീര്‍ സിങ് സ്ഥിരീകരിച്ചു. പാക് ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്നും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താനായെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൈനീക മേധാവി വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ സൈന്യം പാക് ഭൂമിയില്‍ എത്രത്തോളം ഉള്ളിലേക്ക് കയറി എന്നത് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തില്‍ 38 തീവ്രവാദികളെ വധിച്ചതായും പാക് സൈന്യത്തെ കാഴ്ചക്കാരാക്കിയാണ് ആക്രമണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് ആക്രമണം നടത്തിയത്.

ഭീകരര്‍ ഇന്ത്യയിലേയ്ക്ക് വരുന്നത് തടയാനായിരുന്നു ഈ തിരിച്ചടിയെന്നും സൈനീക നടപടികളെ കുറിച്ച് പാകിസ്ഥാനെ അറിയിച്ചിരുന്നതാണെന്നും സൈനീകമേധാവി വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തിരിച്ചടി ഉണ്ടായാല്‍ അത് എങ്ങനെ നേരിടണം എന്ന കാര്യത്തിലും സൈന്യം അന്തിമ തീരുമാനത്തില്‍ എത്തിയതായാണ് സൂചന.

ഉറിയില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നല്‍കണമെന്ന വികാരം രാജ്യത്ത് ഉടലെടുത്തിരുന്നു. ഈ വികാരം തിരിച്ചറിഞ്ഞുള്ള ധീരമായ തിരിച്ചടിയാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ഒരു ആക്രമണം കൃത്യമായ ആസൂത്രണം ചെയ്ത് ആള്‍നഷ്ടം കൂടാതെ നടപ്പിലാക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ മികവായും
ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് വിശേഷിപ്പിച്ചത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ്. ഏതെങ്കിലും പ്രത്യേക കേന്ദ്രത്തെ ലക്ഷ്യമിട്ട് ദ്രുതഗതിയില്‍ നടത്തുന്ന ശക്തമായ ആക്രമണത്തെയാണ് സൈന്യത്തിന്റെ ഭാഷയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് പറയുന്നത്. ഇത്തരം ആക്രമണങ്ങളില്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കുന്നതാണ് സൈന്യത്തിന്റെ രീതി.

പാക് അധിനിവേശ കശ്മീരില്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ആകാശമാര്‍ഗമാണ് സൈന്യം തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത കമാന്‍ഡോകളെ പാരച്യുട്ട് വഴി ഇറക്കിയായിരുന്നു ആക്രമണം. ശത്രുവിന് തിരിച്ചടിക്കാന്‍ അവസരം ലഭിക്കുന്നതിന് മുന്‍പേ സൈന്യം ആക്രമണം നടത്തും. ചടുലമായ നീക്കങ്ങളും കൃത്യമായ ആശയവിനിമയവുമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വിജയിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.