1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2018

സ്വന്തം ലേഖകന്‍: സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി കരസേന ഉത്തരമേഖലാ മുന്‍ മേധാവി; ഇത് യഥാര്‍ഥ സൈനികന്റെ വാക്കുകളെന്ന് രാഹുല്‍ ഗാന്ധി. മിന്നലാക്രമണത്തിന് അമിതമായ പ്രചാരം നല്‍കിയത് ശരിയായില്ലെന്നും ചണ്ഡീഗഢില്‍ സൈനിക സാഹിത്യോത്സവത്തില്‍ െലഫ്. ജനറല്‍ (റിട്ട.) ഡി.എസ്.ഹുട്ട അഭിപ്രായപ്പെട്ടു. 2016 സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ ഉത്തരമേഖലാ കമാന്‍ഡറായിരുന്നു അദ്ദേഹം.

‘മിന്നലാക്രമണം വളരെ അത്യാവശ്യമായിരുന്നു. നമുക്കത് ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. ഇപ്പോഴത് വല്ലാതെ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. അത് ശരിയോ തെറ്റോ എന്നത് രാഷ്ട്രീയക്കാരോട് ചോദിക്കണം. പൂര്‍ണമായും സൈനികമായി നടത്തിയ ആ ദൗത്യത്തിന്റെ ചില വീഡിയോകളും ചിത്രങ്ങളും ചോരുകയും അവ ഉപയോഗിച്ച് രാഷ്ട്രീയപ്രചാരം നടത്താന്‍ ശ്രമം നടക്കുകയും ചെയ്തു. എന്നാല്‍, ഈ അമിതപ്രചാരണങ്ങള്‍ സൈന്യത്തിന് ഒരിക്കലും സഹായം ചെയ്തിട്ടില്ല’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മിന്നലാക്രമണത്തില്‍ രാഷ്ട്രീയമായി ധാരാളം അവകാശങ്ങള്‍ ഉന്നയിക്കപ്പെട്ടു. സൈനികദൗത്യങ്ങളില്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നത് നല്ലതല്ല. മിന്നലാക്രമണം രഹസ്യമായി നടത്തുന്നതായിരുന്നു നല്ലത്’ െലഫ്. ജനറല്‍ ഹൂട്ട അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേതൃത്വം സാഹസികപ്രിയരാകുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, സൈനികര്‍ക്ക് എന്തെങ്കിലും അപായം സംഭവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നോ എന്നും ചോദിച്ചു.

ലഫ്. ജനറല്‍ ഹുട്ടയുടെ വാക്കുകള്‍ ഒരു യഥാര്‍ഥ സൈനികന്റേതാണെന്നും രാജ്യം അദ്ദേഹത്തില്‍ അഭിമാനിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘സൈനികനീക്കത്തെ സ്വന്തം സമ്പാദ്യമെന്നപോലെ ഉപയോഗിക്കാന്‍ മിസ്റ്റര്‍ 36ന് (പ്രധാനമന്ത്രി നരേന്ദ്ര മോദി) ഒരു നാണവുമില്ല. മിന്നലാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായും റഫാല്‍ ഇടപാട് അനില്‍ അംബാനിയുടെ ആസ്തി വര്‍ധിപ്പിക്കാനുമാണ് മോദി ഉപയോഗിച്ചത്,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മിന്നലാക്രമണം രാഷ്ട്രീയവത്കരിച്ചുവെന്ന െലഫ്. ജനറല്‍ (റിട്ട.) ഹുട്ടയുടെ പരാമര്‍ശം വ്യക്തിപരമെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രതികരിച്ചു. ‘മിന്നലാക്രമണത്തിന് നേതൃത്വംനല്‍കിയവരില്‍ പ്രധാനപ്പെട്ടയാളാണ് ഹുട്ട. അദ്ദേഹത്തിന്റെ വാക്കുകള്‍ മാനിക്കുന്നു. എന്നാല്‍, അത് വ്യക്തിപരമായ അഭിപ്രായമാണ്. ഇതില്‍ കൂടുതലൊന്നും പറയാനില്ല,’ ജനറല്‍ റാവത്ത് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.