1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2018

സ്വന്തം ലേഖകന്‍: ഭീകരത പ്രോസ്താഹിപ്പിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയണം; ചൈനയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് സുഷമാ സ്വരാജ്. ഭീകരത മനുഷ്യാവകാശത്തിന്റെ ശത്രുവാണെന്നും അതിന് പിന്തുണയും ധനസഹായവും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അതിനെതിരായ പോരാട്ടമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഷാങ്ഹായ് സഹകരണ സമിതി അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ തുറന്നടിച്ചു. ആഗോള ഭീകരതയെ സംരക്ഷിക്കുന്നവര്‍ക്കെതിരായ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമര്‍ശത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു സുഷമയുടെ മറുപടി.

ലോകം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനം ഭീകരതയാണെന്നും അതിനെ നേരിടാന്‍ ശക്തമായ സുരക്ഷ സംവിധാനം ഒരുക്കണമെന്നുമായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. എന്നാല്‍, അതിര്‍ത്തികള്‍ കൊണ്ടുമാത്രം ഭീകരരെ തടയാനാകില്ലെന്ന് സുഷമ ചൂണ്ടിക്കാട്ടി. അവരെ പ്രോല്‍സാഹിപ്പിക്കുകയും ഇത്തരം സംഘങ്ങള്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇതിന് പരസ്പര ഭിന്നത പരിഹരിക്കുകയും ഒന്നിക്കുകയുമാണ് വേണ്ടത്. അന്താരാഷ്ട്ര ഭീകരതയുമായി ബന്ധപ്പെട്ട സമഗ്ര കണ്‍വെന്‍ഷനുവേണ്ടി രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പേ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ശബ്ദമുയര്‍ത്തിയ കാര്യം സുഷമ ഓര്‍മിപ്പിച്ചു.

അഫ്ഗാനിസ്താന്റെ സുരക്ഷ മേഖലയുടെ സുരക്ഷക്ക് അനിവാര്യമാണ്. അഫ്ഗാന്‍ ഭരണഘടനക്കകത്തുനിന്നുകൊണ്ടുള്ള രാഷ്ട്രീയ സംവാദത്തിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ. ഇതിനായി അഫ്ഗാന്റെ നിയന്ത്രണത്തിലുള്ളതും അവരുടെ നേതൃത്വത്തിലുള്ളതുമായ പരിഹാര നടപടി വേണം. യു.എന്‍ രക്ഷാസമിതിയുടെ നവീകരണവും സുഷമ സമ്മേളനത്തില്‍ ഉന്നയിച്ചു. നമ്മുടെ കാലത്തെ സുരക്ഷ വെല്ലുവിളി ഏറ്റെടുക്കാന്‍ രക്ഷാസമിതിക്ക് കഴിയുന്നില്ലെന്നും സമിതിയുടെ നവീകരണത്തിന് ഇന്ത്യ ഏറെക്കാലമായി ശബ്ദമുയര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞു.

പരസ്പര വിശ്വാസം ബലപ്പെടുത്താന്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹവുമായി കൈകോര്‍ക്കുകയാണ്. അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴി, ചബഹാര്‍ തുറമുഖ വികസനം, ആഷാഗാബാത് കരാര്‍, ഇന്ത്യ മ്യാന്മര്‍ തായ്‌ലാന്‍ഡ് ഹൈവേ പദ്ധതി, ബംഗ്ലാദേശ് ഭൂട്ടാന്‍ ഇന്ത്യ നേപ്പാള്‍ സഹകരണ സംരംഭം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളായി സുഷമ ചൂണ്ടിക്കാട്ടി. കാബൂള്‍, കാന്തഹാര്‍, ന്യൂഡല്‍ഹി, മുംബൈ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വ്യോമയാന ഇടനാഴി കഴിഞ്ഞവര്‍ഷം തുടങ്ങിയതായും അവര്‍ പറഞ്ഞു. ചൈന, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, തജികിസ്താന്‍, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.