1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആണവ പദ്ധതിയില്‍ പാകിസ്താന്റെ നിര്‍ണായക പങ്ക് അന്വേഷിക്കണം, ഐക്യരാഷ്ട്ര സഭ പരിഷ്‌ക്കരിക്കണമെന്ന വാദത്തിന് പിന്തുണ, യുഎന്നില്‍ ഇന്ത്യന്‍ ശബ്ദമായി സുഷമ സ്വരാജ്, ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയയുടെ ആണവ വ്യാപനത്തില്‍ അന്വേഷണം നടത്തണമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉത്തരവാദിയായി കാണമെന്നും വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ആവശ്യപ്പെട്ടു.

ന്യുയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയ്ക്കിടെ യു.എസ്, ജപ്പാന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സുഷ്മ ഈ ആവശ്യം ഉന്നയിച്ചത്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ട്രില്ലേഴ്‌സണ്‍, ജാപ്പനീസ് വിദേശകാര്യമന്ത്രി തരോ കൊനോയുമായാണ് സുഷ്മ കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച ജപ്പാനു മുകളിലൂടെ ഉത്തര കൊറിയ മധ്യ ദൂര ബാലിസ്റ്റിക് മിസൈല്‍ പറത്തിയിരുന്നു.

യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായും കൂടിക്കാഴ്ച നടത്തി. വനിതാ സംരഭകത്വത്തേക്കുറിച്ചും വനിതകളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.സുഷ്മയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയാണ് അവരെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു.

പ്രസിഡന്റ് ഡോണള്‍!ഡ് ട്രംപ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലും സുഷമ സ്വരാജ് പങ്കെടുത്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നോട്ടുവയ്ക്കുന്ന യുഎന്‍ നവീകരണ പദ്ധതിയെ യുഎസ് സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഐക്യരാഷ്ട്ര സംഘടന പരിഷ്‌കരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനു പിന്തുണ അറിയിച്ച ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യവും മുന്നോട്ടുവച്ചു.

ഉഭയകക്ഷി സഹകരണവും വ്യാപാരക്കരാറുകളും ഉറപ്പാക്കുന്നതിനായി അഞ്ചു വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. തുനീസിയ, ബഹ്‌റൈന്‍, ലാത്വിയ, യുഎഇ, ഡെന്‍മാര്‍ക് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും സുഷമ കൂടിക്കാഴ്ച നടത്തി. എന്നാല്‍ രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം ചര്‍ച്ച ചെയ്തില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.