1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: ആല്പസ് പര്‍വതനിരകള്‍ ദമ്പതികളുടെ മൃതദേഹം മഞ്ഞില്‍ പൊതിഞ്ഞ് കാത്തുവച്ചത് 75 വര്‍ഷം, അതും ഒരു പോറല്‍ പോലും ഏല്‍ക്കാതെ! . തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്‌സ് മലനിരയില്‍ 8,500 അടി ഉയരത്തിലാണ് ദമ്പതികളായ മാര്‍സിലിന്‍ ഡുമൊലിന്റെയും ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1942 ഓഗസ്റ്റ് 15ന് ആല്‍പ്‌സിലെ പുല്‍മേട്ടില്‍ കെട്ടിയിരുന്ന പശുക്കളെ കറക്കാന്‍ പോയതായിരുന്നു തുകല്‍പ്പണിക്കാരനായിരുന്ന മര്‍സലിന്‍ ഡുമോലിനും ഭാര്യയും അദ്ധ്യാപികയുമായ ഫ്രാന്‍സീനും.

പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. അന്വേഷണം ഒരുപാട് നടത്തി എങ്കിലും എല്ലാം വിഫലമായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആല്‍പ്‌സ് പര്‍വതനിരകളിലെ വലേയ്‌സ് മേഖലയില്‍ 8600 അടി ഉയരത്തില്‍ മഞ്ഞില്‍പുതഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അന്നു മലകയറുന്നതിനിടെ ഇരുവരും മഞ്ഞുപാളികള്‍ക്കിടയിലെ വിള്ളലില്‍ വീണുപോയതാണെന്നു കരുതുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷവും മൃതദേഹത്തിനോ വസ്ത്രങ്ങള്‍ക്കോ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ക്കോ കാര്യമായ കുഴപ്പമില്ല. ഒരു ബുക്ക്, വാച്ച്, ഒരു ബോട്ടില്‍, ബാക്ക് പാക്‌സ് എന്നിവയാണ് മൃതദേഹത്തൊടൊപ്പം കണ്ടെടുത്തത്.

രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു ഇവര്‍ക്ക്. ഇവരെ ബന്ധുക്കള്‍ ഏറ്റെടുത്തു വളര്‍ത്തി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന വാര്‍ത്ത മനസ്സിനെ ശാന്തമാക്കുന്നതായി ദമ്പതികളുടെ ഇളയമകള്‍ 79 വയസ്സുള്ള ഉഡ്രി ഡുമോലിന്‍ പറഞ്ഞു. ഇതിനിടെ സഹോദരങ്ങള്‍ പല ബന്ധുക്കളുടെ കൂടെ വളര്‍ന്നതിനാല്‍ തമ്മില്‍പോലും അറിയാതെയായെന്ന് ഉഡ്രി പറഞ്ഞു. കാണാതാകുമ്പോള്‍ ഡു?മോലിന് 40 ഉം ഫ്രാന്‍സിന് 37 മായിരുന്നു പ്രായം. രണ്ടു മാസത്തോളം തെരച്ചില്‍ നടത്തിയ ബന്ധുക്കള്‍ ഒടുവില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

മലനിരകളില്‍ കേബിള്‍കാര്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് മഞ്ഞില്‍ ഉറഞ്ഞുകിടക്കുന്ന രണ്ടു മൃതദേഹങ്ങളുടെ ചിത്രം കഴിഞ്ഞദിവസം പുറത്തുവിട്ടത്. റിസോര്‍ട്ട് ജീവനക്കാരനാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. മലനിരകളിലെ ഈ ഭാഗത്തെ മഞ്ഞ് ഇടിഞ്ഞതോടെയാണ് മൃതദേഹങ്ങള്‍ കേബിള്‍ കാര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടാം ലോകയുദ്ധ കാലത്തെ വസ്ത്രധാരണ രീതികളുമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതായി അവര്‍ വലേയ്‌സ് പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരീരങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം മര്‍സലിന്‍ ഫ്രാന്‍സീന്‍ ദമ്പതികളുടെയാണെന്ന് ഉറപ്പാക്കുകയായിരുന്നു. ഇരുമൃതദേഹങ്ങളും ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.