1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2017

 

സ്വന്തം ലേഖകന്‍: സിറിയന്‍ ആഭ്യന്തര യുദ്ധം, വെടിനിര്‍ത്തലിനായി ജനീവയില്‍ യു.എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച. കഴിഞ്ഞ മാസം കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വിമതരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ജനീവയില്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്. ഡിസംബര്‍ അവസാനവാരത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനീവയിലെ ചര്‍ച്ചയില്‍ കാര്യമായ പ്രതീക്ഷയില്ലെന്നും വെറും പ്രഹസനം മാത്രമായി ഇതും അവസാനിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഒരു വര്‍ഷത്തിനിടെ, ആദ്യമായാണ് ജനീവയില്‍ സിറിയന്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത്. ജനീവ ചര്‍ച്ച കാര്യമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിറിയയിലെ യു.എന്‍ ദൂതന്‍ സ്റ്റഫാന്‍ മിസ്തൂറ പറഞ്ഞു. എന്നാല്‍, അതിഗൗരവമായ ദൗത്യമാണ് യു.എന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ അസ്താനയില്‍ നടന്ന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് റഷ്യയും തുര്‍ക്കിയുമായിരുന്നു. വിമതവിഭാഗങ്ങളെയും സര്‍ക്കാര്‍ പ്രതിനിധികളെയും ചര്‍ച്ചക്കിരുത്താന്‍ കഴിഞ്ഞുവെന്നതിനപ്പുറം അസ്താന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് ഇരു കൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയെന്ന സ്ഥിരം ചടങ്ങ് ജനീവയിലും ആവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ സമാധാനപരമായ ഭരണമാറ്റത്തിന് വഴിയൊരുക്കുക എന്നതാണ് യു.എന്‍ മുന്നോട്ടുവെക്കുന്ന പ്രധാന അജണ്ട. പുതിയ ഭരണഘടന തയാറാക്കുക, തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയും ചര്‍ച്ചക്ക് വിഷയമാകും. എന്നാല്‍, പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ രാജി എന്ന ആവശ്യത്തില്‍ വിമത പക്ഷം ഉറച്ചുനില്‍ക്കുന്നത് ചര്‍ച്ചയുടെ പുരോഗതി അനിശ്ചതത്തിലാക്കുന്നു.

സിറിയയില്‍ സ്‌ഫോടനങ്ങളും ഏറ്റുമുട്ടലുകളും ശക്തമായി തുടരുന്നതിനിടെ സര്‍ക്കാര്‍ പ്രതിനിധികളുമായി മുഖാമുഖം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ‘രണ്ടു മുറികളില്‍ ഇരുന്ന് പരസ്പരം കാണാതെയുള്ള ചര്‍ച്ചകളേക്കാള്‍ ഏറെ ഫലപ്രദമായിരിക്കും നേര്‍ക്കു നേരെ ഇരുന്ന് കാര്യങ്ങള്‍ പറയുന്നത്. ഇത് സമയവും ലാഭിക്കും. മത്രമല്ല, കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടാനും സഹായിക്കും,’ പ്രതിപക്ഷം വ്യക്തമാക്കി. ഇതിനു മുമ്പ് നടന്ന ചര്‍ച്ചകളിലൊന്നും ഇരു പക്ഷവും നേര്‍ക്കുനേര്‍ സംസാരിച്ചിട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇതുവരെ നടന്ന ചര്‍ച്ചകളൊന്നും ഒട്ടും ഫലപ്രദമായിരുന്നില്ലെന്ന് ഫ്രീ സിറിയന്‍ ആര്‍മി കമാന്‍ഡര്‍ ഫാരിസ് ബയൂഷ് പ്രതികരിച്ചു. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ കൂടിക്കാഴ്ചയും ആരംഭിക്കുന്നത്. എന്നാല്‍ ഫലമില്ല. രാജ്യത്തെ പ്രശ്‌നങ്ങള്‍ നിരന്തരം വഷളാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സിറിയയിലെ വടക്കന്‍ നഗരമായ അല്‍ബാബ് ഐ.എസില്‍നിന്ന് പൂര്‍ണമായും തിരിച്ചു പിടിച്ചതായി അവകാശപ്പെട്ട് തുര്‍ക്കി പിന്തുണയുള്ള വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.