1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടിഎ റസാഖ് അന്തരിച്ചു. 58 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റസാഖിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ഘട്ടം മുതല്‍തന്നെ റസാഖ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാംഗ നാടകങ്ങളുടെ രചന, സംവിധാനം നിര്‍വഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു.

എണ്‍പതുകളുടെ മധ്യത്തില്‍ സിനിമാ ലോകത്ത് എത്തിയ റസാഖ് ജീവിതത്തിന്റെ പച്ചയായ ഗന്ധമുള്ള കഥകളും കഥാപാത്രങ്ങളും വഴി ശ്രദ്ധേയനായി. താലോലം, സ്‌നേഹം, ബസ് കണ്ടക്ടര്‍, പെണ്‍പട്ടണം, പരുന്ത്, ഗസല്‍, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം തുടങ്ങിയ ഹിറ്റുകളാണ് സിനിമാലോകത്ത് റസാഖിനെ ശ്രദ്ധേയനാക്കിയത്.

കാണാക്കിനാവ്, പെരുമഴക്കാലം എന്നിവയുടെ രചനയ്ക്ക് സംസ്ഥാന, ദേശീയ അവാര്‍ഡും ആയിരത്തില്‍ ഒരുവന്‍ എന്ന രചനയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ എ.ടി. അബുവിന്റെ സംവിധാന സഹായിയായി ധ്വനി എന്ന സിനിമയിലൂടെ 1987 ല്‍ സിനിമയിലെത്തിയ റസാഖ് ലെനിന്‍ രാജേന്ദ്രന്റെ വചനത്തിലും സംവിധാന സഹായിയായി. പിന്നീട് തിരക്കഥാ രചനയിലേക്ക് ചുവടുമാറ്റുകയായിരുന്നു.

2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. സലിം കുമാര്‍ നായകനായ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രമാണ് റസാഖ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.