1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഗസ്റ്റ് ഹൗസിനു നേര്‍ക്കു താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോര്‍ജ്, കൊല്ലം സ്വദേശിയായ ഡല്‍ഹി മലയാളി മാര്‍ത്ത ഫാരെല്‍ എന്നിവരാണ് കൊല്ലപ്പെട്ട മലയാളികള്‍.

തലസ്ഥാനമായ കാബൂളിനു സമീപം കൊലോല പുഷ്ത പ്രവിശ്യയിലെ പാര്‍ക്ക് പാലസ് ഗസ്റ്റ്ഹൗസില്‍ ബുധനാഴ്ച രാത്രി ഒന്‍പതിനായിരുന്നു ആക്രമണം. ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് അഫ്ഗാന്‍ ഉന്നതവൃത്തങ്ങള്‍ പറയുന്നു. ലക്ഷ്യം അമര്‍ സിന്‍ഹയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അഫ്ഗാന്‍ അംബാസഡര്‍ ഷെയ്ദ മുഹമ്മദ് ആബ്ദലിയും വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ഗസ്റ്റ്ഹൗസിലേക്ക് ഇരച്ചുകയറിയ മൂന്നംഗ സംഘം തുരതുരാ വെടി ഉതിര്‍ക്കുകയായിരുന്നു. അഫ്ഗാന്‍ ദേശീയ സുരക്ഷാസേനയും പ്രത്യേക ദൗത്യസേനയും നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടു. പോരാട്ടം ഏഴു മണിക്കൂറോളം നീണ്ടു. ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന 54 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രശസ്ത അഫ്ഗാന്‍ സംഗീതജ്ഞന്‍ അല്‍ത്താഫ് ഹുസൈന്റെ സംഗീത പരിപാടി ആസ്വദിക്കാനെത്തിയവരാണ് താലിബാന്റെ ആക്രമണത്തിന് ഇരയായത്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു സമീപം നിരവധി രാജ്യാന്തര ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളുമുള്ള മേഖലയിലാണ് ആക്രമണം നടന്ന പാര്‍ക്ക് പാലസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.