1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2017

സ്വന്തം ലേഖകന്‍:  തമിഴ് രാഷ്ട്രീയത്തില്‍ ചരിത്ര നാടകം ആവര്‍ത്തിക്കുന്നു, ജാനകി രാമചന്ദ്രന്‍, ജയലളിത പോരിന്റെ ഓര്‍മകള്‍ ഉണര്‍ത്തി ശശികല, പനീര്‍ശെല്‍വം പോരാട്ടം. 1987 ഡിസംബറില്‍ എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് എം.ജി.ആറിന്റെ ഭാര്യ ജാനകീ രാമചന്ദ്രനും ജയലളിതയും തമ്മില്‍ പാര്‍ട്ടിയില്‍ അധികാര വടംവലി രൂക്ഷമായിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികലയും പനീര്‍ശെല്‍വവും തമ്മില്‍ ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന കസേരക്കളിയെ 1988 മായാണ് നിരീക്ഷകര്‍ ഉപമിക്കുന്നത്.

1987 ഡിസംബറില്‍ എംജിആര്‍ അന്തരിച്ചു. അതോടെ രണ്ടാമത്തെ പിളര്‍പ്പിനു കളമൊരുങ്ങി. ജയലളിതയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ആര്‍ എം വീരപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും തമ്മിലായി മല്‍പ്പിടുത്തം. മന്ത്രിസഭയിലെ രണ്ടാമനായ വി ആര്‍ നെടുഞ്ചേഴിയനായി ഇടക്കാല മുഖ്യമന്ത്രി. എംജിആര്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ അതേപടി തുടരണമെന്നാണ് ജയലളിതാ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ വീരപ്പന്‍ അതിനെ എതിര്‍ത്തു. ജയലളിത ഗ്രൂപ്പില്‍ 33 പേരും വീരപ്പന്‍ ഗ്രൂപ്പില്‍ 72 പേരും ഉണ്ടായിരുന്നു.

എംജിആറിന്റെ വിധവയായ വിഎന്‍ ജാനകി മുഖ്യമന്ത്രി ആകട്ടെ എന്നായി വീരപ്പന്‍ ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകളും വെവ്വേറെ യോഗം ചോര്‍ന്നു. വീരപ്പന്‍ ഗ്രൂപ്പ് ജാനകിയേയും ജയലളിത ഗ്രൂപ്പ് നെടുഞ്ചേഴിയനേയും നിയമസഭാ കക്ഷി നേതാക്കളായി തെരെഞ്ഞെടുത്തു. കൂടുതല്‍ അംഗങ്ങളുടെ പിന്തുണയുള്ള ജാനകിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സമയവും കൊടുത്തു. പിന്നെ ഇരുഗ്രൂപ്പുകളും എംഎല്‍എമാരെ ചാക്കിലാക്കാന്‍ ഓടിനടന്നു. ഗ്രൂപ്പ് മാറാതിരിക്കാന്‍ ശശികല ഇന്നു ചെയ്ത പോലെ സുരക്ഷാ കേന്ദ്രങ്ങളില്‍ എംഎല്‍മാരെ മാറ്റിപ്പാര്‍പ്പിച്ചു.

എംജിആറിന്റെ വില്‍പ്പത്രം അപ്പോഴാണ് പുറത്തുവന്നത്. പാര്‍ട്ടി ഒന്നായി നിന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് തന്റെ സ്വത്തിന്റെ അവകാശം സ്ഥാപിക്കാനാവൂ എന്ന് വില്‍പ്പത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അവ്വൈ ഷണ്‍മുഖം റോഡിലെ പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ ഇരു ഗ്രൂപ്പുകളും നടത്തിയ ശ്രമം കൂട്ടത്തല്ലില്‍ പൊലീസ് പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍വച്ചു. ജാനകി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചെങ്കിലും രാജീവ് ഗാന്ധിയുടെ മറുപടി തണുപ്പന്‍ മട്ടിലായിയിരുന്നു.

ജയലളിതയോ ജാനകി രാമചന്ദ്രനോ അന്ന് നിയമസഭാംഗങ്ങള്‍ ആയിരുന്നില്ല എന്നതാണ് രസകരം. ചാക്കിട്ടു പിടിച്ച എംഎല്‍മാരെ ജാനകി പക്ഷം ചെന്നൈയിലെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചപ്പോള്‍ ജയലളിതയെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുമായി ജയ ക്യാംപ് ഭാരതപര്യടനത്തിന് പോയി. അന്ന് ജയയുടെ വലംകൈ ആയിരുന്ന എസ് തിരുനാവുക്കരസരായിരുന്നു എം.എല്‍.എമാരുടെ ഭാരതപര്യടനത്തിന് നേതൃത്വം നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിച്ച യാത്ര രാജ്യം ചുറ്റി കര്‍ണാടകയിലെ നന്ദി ഹില്‍സിലാണ് അവസാനിച്ചത്.

അന്നത്തെ ഗവര്‍ണര്‍ എസ്.എല്‍ ഖുരാന ഇരു വിഭാഗത്തെയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ ജാനകിയെ പിന്തുണയ്ക്കുന്ന മുഴുവന്‍ എം.എല്‍.എമാരെയും വീരപ്പന്‍ രാജ്ഭവനില്‍ ഹാജരാക്കി. എന്നാല്‍ തനിക്ക് പിന്തുണയ്ക്കാന്‍ ആവശ്യത്തിന് എം.എല്‍.എമാരില്ലെന്ന് മനസിലാക്കിയ ജയ ആ സാഹസത്തിന് മുതിര്‍ന്നില്ല.

പിന്നീട് ജാനകീ വിഭാഗം സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. ഡി.എം.കെ വിട്ടു നിന്ന വോട്ടെടുപ്പില്‍ ജയലളിതയെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ പ്രതിക്ഷേധിച്ചു. അന്ന് സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ നിയമസഭയിലേക്ക് പോലീസിനെ വിളിക്കുന്ന സാഹചര്യം പോലുമുണ്ടായി. പിന്നീട് ഖുരാന തന്നെ ജാനകി രാമചന്ദ്രര്‍ സര്‍ക്കാരിനെ പിരിച്ചു വിടുകയും ചെയ്തു.

പാര്‍ട്ടി ഓഫീസിനും ചിഹ്നത്തിനുമായി ഇരുകൂട്ടരും കോടതിയില്‍ കയറിയിറങ്ങി നടക്കവെ പിളര്‍പ്പ് മുതലെടുത്ത് 1989 ല്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഏറെ വൈകാതെ ജയലളിത ഗ്രൂപ്പും ജാനകി ഗ്രൂപ്പും ലയിച്ചു. ചിഹ്നം പാര്‍ട്ടിക്ക് മടക്കിക്കിട്ടി.

രണ്ട് വര്‍ഷത്തിനു ശേഷം 1991 ല്‍ ജയളിത അധികാരം പിടിച്ച് തമിഴ്‌നാടിന്റെ ചരിത്രം തിറുത്തിയെഴുതിയപ്പോള്‍ ജാനകി രാഷ്ട്രീയം ഉപേക്ഷിച്ച് രാമാവാരത്തെ വീട്ടില്‍ മരണം വരെ ഒതുങ്ങിക്കൂടുകയും ചരിത്രത്തില്‍ നിന്ന് പതിയെ മാഞ്ഞു പോകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.