1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: തെരേസാ മേയ് മന്ത്രിസഭയ്ക്ക് മേല്‍ അവിശ്വാസ പ്രമേയത്തിന്റെ നിഴല്‍ വീഴുന്നു; മന്ത്രിമാരുടെ കൂട്ടരാജി തിരിച്ചടിയായി; എന്തുവന്നാലും ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടെന്ന് മേയ്. ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ച അഭിപ്രായഭിന്നതകള്‍ മൂലം ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി. കണ്‍സര്‍വേറ്റിവ് (ടോറി) പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമായതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ അവിശ്വാസത്തിനു നീക്കവും തുടങ്ങി.

ബ്രെക്‌സിറ്റിനു മേല്‍നോട്ടം വഹിച്ചിരുന്ന മന്ത്രി ഡോമിനിക് റാബിന്റേതുള്‍പ്പെടെ മന്ത്രിസഭയില്‍നിന്നു കൂട്ടരാജി കൂടിയായതോടെ സര്‍ക്കാരിന്റെ ഭാവി തുലാസിലായി. കരാറില്ലാത്തതിലും ഭേദമാണ് എന്തെങ്കിലുമൊരു കരാറെന്ന അഭിപ്രായവുമായി മന്ത്രി ലിയം ഫോക്‌സ് പ്രധാനമന്ത്രിക്കു പിന്തുണയുമായി രംഗത്തുണ്ട്. പരിസ്ഥിതി മന്ത്രി മൈക്കല്‍ ഗൊവും മേയെ പിന്തുണയ്ക്കുന്നു. പ്രതിഷേധങ്ങള്‍ക്കിടയിലും കരടു കരാറുമായി മുന്നോട്ടുപോകാനാണു മേയുടെ തീരുമാനം.

ഇതു സംബന്ധിച്ച് മേയ് കഴിഞ്ഞദിവസം എംപിമാരുടെ ചോദ്യങ്ങള്‍ നേരിട്ടതു ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വസംഭവമായി.ബ്രിട്ടന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ യൂറോപ്യന്‍ യൂണിയന് അധികാരം നല്‍കുന്ന ചില വ്യവസ്ഥകള്‍ മേയുടെ കരാറിലുള്ളതാണു പ്രതിഷേധത്തിനു കാരണം. മേ മുന്നോട്ടു വച്ച കരാറിന് പാര്‍ലമെന്റിലെ 650 അംഗങ്ങളില്‍ 320 പേരുടെ പിന്തുണയുണ്ടെങ്കില്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിടാം. ഉടമ്പടി ചര്‍ച്ചചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ 25നു പ്രത്യേക ഉച്ചകോടി ചേരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.