1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍. പാര്‍ലമെന്റില്‍ നടത്താനിരുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. മിക്കവാറും ഇനി ക്രിസ്മസിനു മുന്പ് വോട്ടെടുപ്പ് ഉണ്ടാവാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ (ടോറി) നൂറോളം എംപിമാര്‍ കരാറിനെതിരാണെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉപദേശകരും മന്ത്രിമാരും പ്രധാനമന്ത്രിയോടു കൂറു പുലര്‍ത്തുന്ന എംപിമാരും വോട്ടെടുപ്പ് വൈകിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനത്തെ ‘നിരാശാജനകമായ നടപടി’ എന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വിശേഷിപ്പിച്ചത്

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടുപോരുന്നതു (ബ്രെക്‌സിറ്റ്)സംബന്ധിച്ച് ഇയുവുമായി തെരേസാ മേ ഒപ്പുവച്ച കരാര്‍ പാര്‍ലമെന്റ് പാസാക്കിയാലേ പ്രാബല്യത്തില്‍ വരൂ. ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞെങ്കിലും എംപിമാരെ വിശ്വസിപ്പിക്കാനായില്ല. വോട്ടെടുപ്പു മാറ്റിയെന്ന വാര്‍ത്ത വന്നതോടെ പൗണ്ടിന്റെ വില ഇടിഞ്ഞു.

ബ്രിട്ടനു വേണമെങ്കില്‍ ബ്രെക്‌സിറ്റ് വേണ്ടെന്നു വയ്ക്കാമെന്നു നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേസമയം, ബ്രെക്‌സിറ്റ് കരാറില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്നു ഇയു വക്താവ് പറഞ്ഞു. കോടതിവിധി തങ്ങളുടെ നിലപാടിനെ സ്വാധീനിക്കില്ലെന്നു ഇയു വക്താവ് ആന്‍ഡ്രീവ പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ അടുത്തവര്‍ഷം മാര്‍ച്ച് 29നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം. ബ്രിട്ടനു കിട്ടാവുന്ന ഏറ്റവും നല്ല കരാറാണിത്. പുനരാലോചന സാധ്യമല്ലെന്നും ആന്‍ഡ്രീവ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.