1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2018

സ്വന്തം ലേഖകന്‍: ‘2022 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ല; അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി,’ നിലപാട് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസാ മേയ്. ‘സഹപ്രവര്‍ത്തകരില്‍ ഒരു വിഭാഗം എനിക്കെതിരെ വോട്ട് ചെയ്തു. അവര്‍ക്കു പറയാനുള്ളതും ഞാന്‍ ശ്രദ്ധയോടെ കേട്ടു, നന്ദി,’ പാര്‍ട്ടിയില്‍ അവിശ്വാസ പ്രമേയത്തെ ബുധനാഴ്ച രാത്രി അതിജീവിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ആകെയുള്ള 317 കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിമാരില്‍ തെരേസയ്ക്കനുകൂലമായി 200 പേര്‍ വോട്ട് ചെയ്തപ്പോള്‍, 117 പേര്‍ എതിര്‍ത്തു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറുന്നതു സംബന്ധിച്ച (ബ്രെക്‌സിറ്റ്) കരാറുമായി തെരേസ മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് 48 എംപിമാര്‍ പാര്‍ട്ടിയില്‍ അവര്‍ക്കെതിരെ അവിശ്വാസം കൊണ്ടു വന്നത്. വോട്ടെടുപ്പിനു മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ 2022 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. തുടര്‍ന്നു നടന്ന രഹസ്യ വോട്ടെടുപ്പില്‍ 63% എംപിമാരുടെ പിന്തുണ നേടിയ തെരേസയ്ക്ക് ഇനി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വെല്ലുവിളികളില്ലാതെ പാര്‍ട്ടി നേതാവായി തുടരാം.

അവിശ്വാസ പ്രമേയം വിജയിച്ചാല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങണമെന്നാണു കീഴ്‌വഴക്കം. പരാജയപ്പെട്ട പ്രധാനമന്ത്രി കെയര്‍ടേക്കറായി തുടരുകയും ചെയ്യണം. ഇതേസമയം, ബ്രെക്‌സിറ്റ് കരാറിലെ വിവാദ വ്യവസ്ഥകളെക്കുറിച്ചു ബ്രസ്സല്‍സില്‍ താന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നു തെരേസ മേ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.