1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2019

സ്വന്തം ലേഖകന്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടങ്ങിയത്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍ തുടങ്ങിയവരും ലക്കിടിയിലെത്തിയിരുന്നു.

വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. തുടര്‍ന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീട് വസന്തകുമാര്‍ പഠിച്ച സ്‌കൂളിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

അതേസമയം, വസന്തകുമാറിന്റെ കുടുംബത്തെ മന്ത്രി എകെ ബാലന്‍ ഇന്ന് സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് വയനാട് ലക്കിടിയിലെ വീട്ടില്‍ മന്ത്രിയെത്തുക. ഈ കുടുംബത്തിന് സഹായ ധനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വസന്തകുമാറിന്റെ കുടുംബത്തിന് നല്‍കുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും. ദുബായില്‍ പോയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ വസന്തകുമാറിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിലായിരുന്നു ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. അതിനിടെ ഭൗതിക ശരീരത്തിനൊപ്പം സെല്‍ഫിയെടുത്ത അല്‍ഫോന്‍സ് കണ്ണന്താനത്തിന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.

വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ശേഷം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഫേസ്ബൂക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം ‘കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്കിവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്,’ എന്ന കുറിപ്പും ഉണ്ടായിരുന്നു.

‘തന്നെയൊക്കെ ആരാണ് ഐ.എ.എസില്‍ എടുത്ത’ തെന്നും ‘കണ്ണന്താനം മണ്ടനായി അഭിനയിക്കുന്നതാണോ അതോ ശരിക്കു മണ്ടനാണോ’ തുടങ്ങി തെറി അഭിഷേകമായിരുന്നു പേസ്റ്റിന് താഴെ. ഒപ്പം ‘കക്കൂസ് പണി കഴിഞ്ഞെങ്കില്‍ പ്രതിരോധത്തില്‍ ശ്രദ്ധിക്കാനും സമയം കണ്ടെത്തണം’ എന്നുള്ള കമന്റുകളും വന്നു. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കകം പേജില്‍ നിന്നും പോസ്റ്റ് അപ്രത്യക്ഷമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.