1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

സ്വന്തം ലേഖകന്‍: രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഇടിമുറിയില്‍ പൂട്ടിയിടലും ക്രൂര മര്‍ദ്ദനവും, നെഹ്‌റു കോളേജുകളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ ആരോപണവുമായി വിദ്യാര്‍ഥി രംഗത്ത്. കോളജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിനായിരുന്നു ക്രൂര പീഡനമെന്ന് നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ത്ഥിയായ സഹീര്‍ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്യാന്‍ കോളേജില്‍ എത്തിയ രക്ഷിതാവിനെ ഭീക്ഷണിപ്പെടുത്തിയതായും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചതായും സഹീര്‍ വെളിപ്പെടുത്തി.

2016 ഒക്ടോബറിലാണ് കോളേജില്‍ നടക്കുന്ന അനധികൃത പണപ്പിരിവുകളെക്കുറിച്ച് സഹീര്‍ മുഖ്യമന്ത്രിക്കും ആദായ നികുതി വകുപ്പ് അടക്കമുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി കാലിക്കറ്റ് സര്‍വകലാശാലക്ക് കൈമാറുകയും സര്‍വകലാശാല, കോളേജ് അധികൃതരില്‍ നിന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയ സഹീറിനെ മാനേജ്‌മെന്റ് വിളിപ്പിച്ചത്.

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി മൂന്നിന് കോളേജിലെത്തിയ സഹീറിനെ കോളേജ് പ്രിന്‍സിപ്പലും മാനേജ്‌മെന്റ് പ്രതിനിധിയായ ഒരാളും ഓട്ടോറിക്ഷയില്‍ കയറ്റി പമ്പാടി നെഹ്‌റു കോളേജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഒരു മുറിയില്‍ പിടിച്ചിരുത്തി ചോദ്യം ചെയ്തു. തനിക്ക് പരാതിയില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയെന്നും കോളേജിലെ മറ്റ് ചില വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തത് തനിക്ക് പറ്റിയ പിഴവാണെന്നും എഴുതിത്തരണമെന്ന് സഹീറിനോട് ആവശ്യപ്പെട്ടു.

താന്‍ ആരെയും റാഗ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അങ്ങനെ എഴുതി തരാനാവില്ലെന്നും സഹീര്‍ പറഞ്ഞതോടെ മര്‍ദ്ദനം തുടങ്ങി. മുഖത്തും വയറ്റിലും ചവിട്ടുകയും ചെയ്‌തെന്നും നിലത്ത് വീണ തന്നെ ഷൂസിട്ട് ചവിട്ടിയെന്നും സഹീര്‍ പറഞ്ഞു.

ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് ജനുവരി മൂന്നിന് ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പറഞ്ഞ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ജീവനോടെ പുറത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോള്‍ തലയില്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടുനല്‍കിയതായി ഷഹീര്‍ പറയുന്നു.

ഭയന്നു പോയതിനാല്‍ ഷഹീര്‍ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല, എന്നാല്‍ കോളേജ് മാറുന്നതിനായി നെഹ്‌റു കോളേജ് അധികൃതരില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്ന രേഖകള്‍ ലഭിച്ചതോടെയാണ് തനിക്കുണ്ടായ ഭീകരാനുഭവം തുറന്നുപറയാന്‍ ഷഹീറിന് ധൈര്യം കിട്ടിയത്. ഷഹീറിനെ മര്‍ദ്ദിച്ച വിവരം മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് അറിഞ്ഞ് ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കുന്ന എസിപി കിരണ്‍ നാരായണന്‍ ഷഹീറിനെ ബന്ധപ്പെട്ടിരുന്നു. വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.