1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2019

സ്വന്തം ലേഖകൻ: യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍റെ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നേരത്തേ വാർത്താ മാധ്യമങ്ങളിലടക്കം ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.

ജാസ്മിൻ ഷാ അടക്കമുള്ള നാല് പ്രതികൾ ജൂലൈ 19 ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.

നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.