1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

എന്‍ഡോസള്‍ഫാന്‍ ആവശ്യമാണെന്നും അത് നിരോധിക്കേതില്ലെന്നും വാദിച്ച കേന്ദ്രമന്ത്രി കെ. വി. തോമസിന്റെ നിലപാടുകള്‍ ഒരിക്കല്‍ ക്കൂടി ചര്‍ച്ചാ വിഷയമാകുന്നു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ കെ. വി. തോമസ് ഇടപെടുന്നു എന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. റവലൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ഈ വിഷയം ശക്തമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

യുഡിഎഫിലെ മറ്റൊരു പ്രധാന ഘടക കക്ഷി കൂടിയായ മുസ്ലീം ലീഗ് ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ സജീവമായി ഇടപെടുന്നില്ലെന്നാണ് മറ്റൊരു ആരോപണം. സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിരോധനിരയുയര്‍ത്താന്‍ ലീഗ് നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്ന പരാതി കോണ്‍ഗ്രസ് നേതൃനിരയിലും അണികള്‍ക്കിടയിലും ശക്തമാണ്. ഇതും രണ്ടും കൂട്ടിവായിക്കുമ്പോള്‍ എന്തെങ്കിലും വ്യക്തമാകുന്നുണ്ടോ?

നാദാപുരം കലാപകാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ചെക്യാട്ടെ മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി അന്തേരി സുരയാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സൂത്രധാരന്‍മാരില്‍ പ്രധാനിയെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണൂരിലെ തളിപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലും സി.പി.എം നേതൃത്വത്തിന് പങ്കുന്നെ ആരോപണവും ശക്തമാണ്. ഇപ്പോഴിതാ ചന്ദ്രശേഖരന്‍ വധവും. എന്നിട്ടും സി.പി. എമ്മിനെ കടന്നാക്രമിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയാറാകുന്നില്ല എന്തുകൊണ്ടാണിത്?

കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകരയില്‍ മുസ്ലീം ലീഗുകാര്‍ പ്രഖ്യാപിച്ച ജന ജാഗ്രതാസദസ്സ് അവസാന നിമിഷം പിന്‍വലിച്ചത് എന്തിനുവേണ്ടിയാണ്?. രമേശ് ചെന്നിത്തല നടത്തിയ ഉപവാസസമരത്തില്‍ മുസ്ലീം ലീഗിന്റെ പിന്തുണ തണുത്തതാകാന്‍ കാരണം. ഉത്തരം തേടി പോകുമ്പോഴാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ രാഷ്ട്രീയ, വ്യാവസായിക കൂട്ടുക്കെട്ടിന്റെ ചിത്രം വ്യക്തമാകുന്നത്.

ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രാദേശിക സി.പി.എം പ്രവര്‍ത്തകന്‍മാര്‍ക്കപ്പുറം അന്വേഷണം നീങ്ങാതിരിക്കാനുള്ള കടുത്ത ഗൂഢാലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാടക കൊലയാളികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും പിന്നില്‍ ആര്?. അതാണ് വ്യക്തമാകേണ്ട പ്രസക്തമായ ചോദ്യം. തങ്ങളുടെ വ്യവസായിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് തിരിച്ചറിഞ്ഞ് , ചന്ദ്രശേഖരനെ നേരത്തെ തന്നെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്ന വിവാദ വ്യവസായ കേന്ദ്രങ്ങളിലേക്കും, അവര്‍ക്ക് പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങളിലേക്കുമാണ് ആ ഉത്തരം നീങ്ങുന്നത്.

അത്തരം വ്യവസായ രാഷ്ട്രീയ കൂട്ടുകച്ചവടം പുറത്ത് വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാക്കള്‍ കേന്ദ്രമന്ത്രി സഭയിലും, സംസ്ഥാന മന്ത്രിസഭയിലും എന്തിന് സംസ്ഥാനത്തെ പ്രതിപക്ഷ നിരയില്‍ തന്നെ ഉള്ളിടത്തോളം പതിവ് രാഷ്ട്രീയ കൊലപാതകമായി ടി.പി. ചന്ദ്രശേഖരന്‍ വധവും കെട്ടടങ്ങുകതന്നെ ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.