1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2016

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ സൈന്യത്തിനെതിരെ വാര്‍ത്ത നല്‍കിയ പാക് പത്രപ്രവര്‍ത്തകന് വിദേശയാത്രാ വിലക്ക്, പ്രതിഷേധം. പാക് സിവിലിയന്‍ നേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ ഭിന്നതയുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്ത പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് പത്രമായ ഡോണിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്‍മെയ്ഡക്ക് എതിരെയാണു നടപടി.

ഹഖാനി ഗ്രൂപ്പ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പാക് സൈന്യവും ഐഎസ്‌ഐയും നല്‍കുന്ന രഹസ്യ പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ അന്തര്‍ദേശീയരംഗത്തു രാജ്യം ഒറ്റപ്പെടുമെന്നു ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സിവിലിയന്‍ ഭരണനേതൃത്വം സൈനിക നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കിയെന്നായിരുന്നു വാര്‍ത്ത.

ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഭീകരസംഘടനയിലെ അംഗങ്ങളെ അറസ്റ്റു ചെയ്താല്‍ വൈകാതെ സൈന്യവുമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് അവരെ മോചിപ്പിക്കുകയാണെന്ന് അല്‍മെയ്ഡ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാക് സൈന്യത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവിടത്തെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അപൂര്‍വ സംഭവമാണ്.

വാര്‍ത്ത കെട്ടിച്ചമച്ചതും തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണെന്നു പാക് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഓഫീസ് മൂന്നു തവണ നിഷേധ പ്രസ്താവനയിറക്കി. തെറ്റായ വാര്‍ത്ത പ്രസിദ്ധപ്പെടുത്തുന്നതിനു കാരണക്കാരായവര്‍ക്ക് എതിരേ കര്‍ശന നടപടി എടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ഇതേസമയം വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പാക്കിസ്ഥാന്റെ സ്ഥാപക നേതാവായ മുഹമ്മദ് അലി ജിന്ന സ്ഥാപിച്ച ഡോണ്‍ പത്രം വ്യക്തമാക്കി. അല്‍മെയ്ഡയ്ക്കു പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.