1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

സ്വന്തം ലേഖകന്‍: ആംബുലന്‍സിന് പണമില്ല, ഒഡീഷയിലെ ആദിവാസി യുവാവ് ഭാര്യയുടെ മൃതദേഹവുമായി നടന്നത് 10 കിലോമീറ്റര്‍. ദന മാഞ്ചിയെന്ന ആദിവാസി യുവാവിനാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹവും ചുമന്നുകൊണ്ട് 10 കിലോമീറ്റര്‍ നടക്കേണ്ടി വന്നത്. പന്ത്രണ്ടുകാരിയായ മകളും മാഞ്ചിക്കൊപ്പമുണ്ടായിരുന്നു.

ജില്ലാ ആശുപത്രിയിലാണ് മാഞ്ചിയുടെ ഭാര്യ അമാംഗ് ദേയി (42) ക്ഷയരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞത്. പണം അടക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല. ഇതേുടര്‍ന്ന് മൃതദേഹം ഒരു പുതപ്പില്‍ പൊതിഞ്ഞുകെട്ടി തോളിലേന്തി ചുമന്നുകൊണ്ട് മാഞ്ചി വീട്ടിലേക്ക് നടക്കുകയായിരുന്നു.

ഒഡീഷയിലെ ഏറ്റവും ദരിദ്രവും പിന്നാക്കവുമായി കലഹാന്ദി ജില്ലക്കാരനാണ് മാഞ്ചി. ആശുപത്രിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് മാഞ്ചിയുടെ വീട്. ആംബുലന്‍സ് കിട്ടാതെ വന്നതോടെ മൃതദേഹവും തോളിലേന്തി നടന്നുനീങ്ങുന്ന മാഞ്ചിയെ ചില പ്രദേശിക ചാനല്‍ പ്രവര്‍ത്തകര്‍ കണ്ടതോടെ സംഭവം ജില്ലാ കലക്ടറെ അറിയിച്ച് ആംബുലന്‍സ് എത്തിക്കുകയായിരുന്നു. ഇതിനകം മാഞ്ചി പത്തു കിലോമീറ്റര്‍ പിന്നിടുകയും ചെയ്തു.

‘താന്‍ ദരിദ്രനാണെന്നും വാഹനം വിളിക്കാന്‍ പണം കൈവശമില്ലെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കിയില്ലെന്ന് മാഞ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലിരിക്കേ മരണമടയുന്ന പാവപ്പെട്ടവര്‍ക്ക് മൃതദേഹങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കഴിഞ്ഞ ഫെബ്രുവരിയില്‍ ‘മഹാപ്രയാണ’ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് 37 ആശുപത്രികളിലേക്കായി 40 ആംബുലന്‍സും അനുവദിച്ചിരുന്നു. ഇവയെല്ലാം ആശുപത്രി മുറ്റത്ത് പൊടിപിടിച്ച് കിടക്കവെയാണ് മാഞ്ചിക്ക് മൃതദേഹവും തോളിലേറ്റി നടക്കേണ്ടി വന്നത്.

അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കിയതായി ബി.ജെ.ഡി എം.പി കൈലാഷ് സിംഗ് ദിയോ പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ലഭ്യമാക്കിയെന്ന് കലഹാന്ദി ജില്ലാ കലക്ടര്‍ ബൃന്ദ ഡി പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള പണം ‘ഹരിശ്ചന്ദ്ര യോജന’യില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.