1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2019

സ്വന്തം ലേഖകന്‍: തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ ബി.ജെ.പി.യേയും മമതയേയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കും. നാദിയ ജില്ലയിലെ കൃഷ്ണഗാഞ്ചില്‍ നിന്നുള്ള എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടയിലാണ് വെടിയേറ്റത്.

സത്യബിശ്വാസിന് പുറമെ മന്ത്രിമാരായ രത്‌ന ഘോഷ്, നാദിയ യൂണിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും സ്ഥലത്ത് നിന്ന് പോയി മിനിറ്റുകള്‍ക്കകമാണ് സത്യബിശ്വാസിന് വെടിയേറ്റത്.

ക്ലോസ് റേഞ്ചില്‍ നിന്നുകൊണ്ട് എം.എല്‍എക്കെതിരെ മൂന്ന് തവണ നിറയൊഴിച്ചതായി സാക്ഷികള്‍ പറഞ്ഞു. ശേഷം ഇവര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് മറഞ്ഞതായും കണ്ടുനിന്നവര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബിശ്വാസ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കപ്പെട്ട തോക്കുപയോഗിച്ചാണ് എം.എല്‍.എയ്‌ക്കെതിരെ നിറയൊഴിച്ചതെന്ന് നാദിയ ജില്ലാ പൊലീസ് സൂപ്രണ്ട് രൂപേഷ് കുമാര്‍ പറഞ്ഞു.

വെടിവെച്ചത് ബി.ജെപി.യാണെന്നാണ് തൃണമൂലിന്റെ ആരോപണം. ‘ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായി,’ തൃണമൂല് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു.

ബിശ്വാസിനെ വധിച്ചത് ബി.ജെ.പിയാണെന്ന് നാദിയ ജില്ലയിലെ തൃണമൂല്‍ പാര്‍ട്ടി നിരീക്ഷകന്‍ അനുഭ്രാത മൊണ്ടല്‍ അറിയിച്ചു. സത്യം അറിയണമെന്നും അതിനായി പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ബി.ജെ.പി കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി പ്രതികരിക്കുമെന്നും പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.

എന്നാല്‍ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. തൃണമൂലിനകത്തെ പ്രശ്‌നങ്ങളുടെ ഇരയാണ് ബിശ്വാസെന്ന് ബംഗാള്‍ ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു പ്രതികരിച്ചു.

അതിനിടെ മുഖ്യശത്രുവായ ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കുമെന്ന് റിപ്പോര്‍ട്ട്. സി.പി.എമ്മുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാന്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായാണ് സൂചന. കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ ധാരണയുമായി മുന്നോട്ടുനീങ്ങാന്‍ സി.പി.എം. പൊളിറ്റ് ബ്യൂറോയും തീരുമാനിച്ചു.

പാര്‍ട്ടിയുടെ അന്തസ്സ് കളയാതെയുള്ള ധാരണയ്ക്ക് അനുമതിവേണമെന്നാണ് ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ സോമന്‍ മിത്ര ആവശ്യപ്പെട്ടപ്പോള്‍ നീക്കുപോക്ക് അതതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കരുതെന്ന നിര്‍ദേശത്തോടെയാണ് ബംഗാള്‍ ഘടകത്തിന് സഹകരണമാകാമെന്ന അനുമതി സി.പി.എം. പൊളിറ്റ് ബ്യൂറോ നല്‍കിയത്.ദേശീയതലത്തില്‍ ബി.ജെ.പി.യെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും താഴെയിറക്കലാണ് തിരഞ്ഞെടുപ്പുലക്ഷ്യമെന്ന് പി.ബി. യോഗത്തിനുശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.