1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന്‌ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു.

ഇലക്ട്രല്‍ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം’ എന്ന് ട്രംപ് പറഞ്ഞത്. ‘എന്നാല്‍ അപ്രകാരം അവര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ തെറ്റുചെയ്യുകയാണ്, അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു.’ ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ്‌ ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

രാഷ്ട്രം ഇന്ന് യുദ്ധം ചെയ്യുന്നതു കൊറോണ വൈറസിനോടാണെന്നും പരസ്പരമല്ലെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. താങ്ക്സ്ഗിവിംഗ് ദിനത്തോടനുബന്ധിച്ചു നവംബർ 26 വ്യാഴാഴ്ച ഡലവെയർ വിൽമിംഗ്ടണിൽ വെച്ചു സന്ദേശം നൽകുകയായിരുന്നു ബൈഡൻ. നമ്മുടെ മുമ്പിൽ വരാനിരിക്കുന്നതു നല്ല ദിനങ്ങളാണെന്നും ബൈഡൻ പ്രതീക്ഷ പങ്കുവെച്ചു. കൊറോണ വൈറസ് മഹാമാരി അതീവ ഗൗരവമായിട്ടാണ് ഞങ്ങൾ കാണുന്നതെന്നും അതോടൊപ്പം രാഷ്ട്രീയ പ്രശ്നങ്ങളും ഉണ്ടെന്ന് ബൈഡൻ പറഞ്ഞു.

ഒരു വർഷത്തോളമായി നാം വൈറസുമായി യുദ്ധത്തിലാണ്. 260,000 അമേരിക്കൻ ജനതയുടെ ജീവിതമാണ് വൈറസ് തട്ടിയെടുത്തിരിക്കുന്നത്. കൊറോണ വൈറസ് നമ്മെ പരസ്പരം ഭിന്നിപ്പിച്ചിരിക്കുന്നു. രോഷാകുലരാക്കിയിരിക്കുന്നു, എന്നാൽ ഒരു കാര്യം നാം ഓർക്കണം, നമ്മൾ പ്രധാനമായും വൈറസിനെയാണ് പ്രതിരോധിക്കേണ്ടത്. അതിനു എല്ലാവരും ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കാഴ്ചവെക്കേണ്ടത് ബൈഡൻ ഓർമ്മപ്പെടുത്തി.

താങ്ക്സ് ഗിവിങ്ങ് ഡേ എന്നതു ത്യാഗത്തിന്റേയും നന്ദിയർപ്പിക്കലിന്റേയും വിശേഷദിവസമാണ്. എല്ലാ വർഷവും കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടിയിരുന്നു ആഘോഷിക്കുന്ന ഒരു ദിവസമാണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഈ വർഷം അതിനവസരം ലഭിച്ചില്ല. അമേരിക്കയിൽ പ്രതിദിനം 160,000 കൊറോണ വൈറസ് രോഗികളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ദേശഭക്തിയുള്ള ഓരോ അമേരിക്കക്കാരന്റേയും ഉത്തരവാദിത്വം കൊവിഡ്19 വ്യാപനം തടയുക എന്നതായിരിക്കണെന്നും അതിനു അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്നും ബൈഡൻ അഭ്യർഥിച്ചു.

അതേസമയം വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ഇന്നലെ മാത്രം 2,216 ആയി ഉയര്‍ന്നു. ഇത് ഓരോ 39 സെക്കന്‍ഡിലും ഒരു മരണത്തിന് തുല്യമാണ്, ജൂണ്‍ 26 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഏകദിന മരണസംഖ്യയാണിത്. ഈ കണക്ക് നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ സംഭവിച്ചതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. കൊവിഡ് മഹാമാരി ഉണ്ടായതിനു ശേഷം അമേരിക്കയില്‍ ഒരു ദിവസം ഏറ്റവും കൂടുതൽ മരണം റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 15 നായിരുന്നു. ആ ദിവസം മാത്രം 2,752 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.