1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2020

സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന ഫലസ്തീൻ നിലപാടിനൊപ്പം അറബ് ലോകവും. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ ഫലസ്തീൻ സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് അറബ് ലോകം വ്യക്തമാക്കി. എന്നാൽ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ട്രംപ് മുന്നോട്ടു വെക്കുന്ന പുതിയ സമാധാന പദ്ധതിയെ ലോകം തള്ളണമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ പ്രശ്നത്തിന്‍റെ മർമ്മം ഉൾക്കൊള്ളാത്ത പദ്ധതികളിലൂടെ രാഷ്ട്രീയ പ്രശ്നപരിഹാരം സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സംരക്ഷണം മാത്രമാണ് പദ്ധതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്നും ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി.

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന്‍റെ പരമാധികാരം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ട്രംപിന്‍റെ സമാധാന പദ്ധതിയെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസം ബെഞ്ചമിൻ നെതന്യാഹുവുമായി നടന്ന ചർച്ചയെ തുടർന്നാണ് താൻ പുതിയ പശ്ചിമേഷ്യൻ പദ്ധതി മുന്നോട്ടുവെക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയത്.

അന്താരാഷ്ട്ര ചട്ടങ്ങൾക്കു വിരുദ്ധമായി ട്രംപ് ഭരണകൂടം ആവിഷ്കരിക്കുന്ന സമാധാന പദ്ധതിയുമായി സഹകരിക്കരുതെന്ന് ലോക രാജ്യങ്ങളോടും ഫലസ്തീൻ സർക്കാർ ആവശ്യപ്പെട്ടു. അറബ് ലോകത്തിന്‍റെ പിന്തുണയും ഇക്കാര്യത്തിൽ തങ്ങൾക്കുണ്ടെന്നാണ് ഫലസ്തീൻ നേതൃത്വം വ്യക്തമാക്കുന്നത്. അറബ് ലീഗ് ഉടൻ ചേർന്ന് തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും.

തെൽ അവീവിൽ നിന്ന് എംബസി ജറൂസലമിലേക്ക് മാറ്റാൻ തീരുമാനിച്ചതുൾപ്പെടെ ട്രംപ് കൈക്കൊണ്ട എല്ലാ നടപടികളും ഇസ്രായേലിന് അനുകൂലമാണ്. അതുകൊണ്ടു തന്നെ അമേരിക്കയുമായി സമാധാന പദ്ധതി സംബന്ധിച്ച ഒരു ചർച്ചയും വേണ്ടതില്ലെന്നാണ് ഫലസ്തീൻ സമൂഹത്തിന്‍റെ തീരുമാനം. ഇംപീച്ച്മെന്‍റ് നടപടികൾ പൂർത്തിയായാൽ ട്രംപ് അറബ് നേതാക്കളുമായി പുതിയ സമാധാന പദ്ധതി സംബന്ധിച്ച് ആശയവിനിമയം തുടരുമെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.