1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.

‘ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’, വോട്ട് ചെയ്ത ശേഷം പുഞ്ചിരിച്ചുകൊണ്ട് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് കരോലിന, ഒഹിയോ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രചാരണമാണ് അവസാന ഘട്ടത്തില്‍ നടക്കുന്നത്.

അവസാന ദിവസങ്ങളിലെ പ്രചാരണ ചൂട് നിലനിര്‍ത്തനായി സ്ഥാനാർഥികളെല്ലാം തന്നെ തീവ്രമായ ശ്രമത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ ഒരു പടി മുകളിലെത്തിയ ആഴ്ചയായിരുന്നു ഇത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഫോസില്‍ ഇന്ധന വാദങ്ങളില്‍ ജോ ബൈഡന്‍ മലക്കം മറിഞ്ഞതും, ഇ-മെയ്ല്‍ വിവാദങ്ങളും ഡെമോക്രാറ്റുകള്‍ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

2016 നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ ഡൊണാൾഡ് ട്രംപ് തനിക്ക് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി. എന്നാൽ വാഗ്ദാനം താൻ നിരസിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

ന്യൂയോർക്കിലേക്ക് തന്നെ കൊണ്ടുവരുന്നതിന് വേണ്ടി ട്രംപ് ഒരു വിമാനം പോലും അയച്ചു. അനുഭവപരിജ്ഞാനം ഇല്ലാത്തതിനാൽ സ്റ്റേറ്റ് സെക്രട്ടറി പദവിക്ക് അനുയോജ്യയല്ലെന്ന് ചൂണ്ടിക്കാട്ടി ആ വാഗ്ദാനം വിനയപൂർവം നിരസിക്കുകയായിരുന്നുവെന്ന് നിക്കി ഹാലി പറയുന്നു.

എന്നാൽ ന്യൂയോർക്കിൽ നിന്ന് മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷം ട്രംപ് നിക്കിക്ക് തന്റെ സ്റ്റാഫ് ചീഫ് മുഖാന്തരം ഐക്യരാഷ്ട്രസഭയുടെ യുഎസ് അംബാസഡർ പദവി വാഗ്ദാനം ചെയ്തു. പദവി കാബിനറ്റ് റാങ്കുളളതായിരിക്കണം, പ്രതിനിധി ദേശീയ സുരക്ഷാ കൗൺസിലിൽ അംഗത്വമുളളയാളായിരിക്കണം, ഒരു ‘യെസ്- വുമൺ’ ആയിരിക്കില്ല തുടങ്ങിയ മൂന്ന് ഉപാധികൾ താൻ മുന്നോട്ടുവെച്ചെന്നും ഉപാധികൾ അംഗീകരിച്ച ട്രംപ് എന്താണ് അടുത്ത പരിപാടി എന്നാണ് മറുപടിയായി ചോദിച്ചതെന്നും നിക്കി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിക്കുകയല്ലാതെ മറ്റുമാർഗങ്ങൾ തന്റെ മുന്നിൽ ഉണ്ടായിരുന്നില്ലെന്നും നിക്കി ഓർക്കുന്നു. ആ സമയത്ത് സൗത്ത് കരോലിന ഗവർണറായിരുന്നു ഹാലി.

യുഎസും ഇന്ത്യയും തമ്മിലുളള ബന്ധം ട്രംപ് ഭരണകാലത്തിന് മുൻപ് ഇത്രമേൽ ശക്തമായിരുന്നില്ലെന്നും നിക്കി പറഞ്ഞു. ഭീകരവാദികളുടെ കേന്ദ്രമായ പാകിസ്താന് സഹായം നൽകുന്നത് ട്രംപ് അവസാനിപ്പിച്ചു. ട്രംപിന്റെ ഭരണത്തിന് കീഴിൽ പ്രതിരോധമുൾപ്പടെ നിരവധി വിഷയങ്ങളിലാണ് ഇന്ത്യയുമായി യുഎസ് പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുളളത്.

യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി നിക്കി ചൂണ്ടിക്കാണിച്ചത് ചൈനയെയാണ്. ട്രംപ് ഇക്കാര്യത്തിൽ ശ്രദ്ധപതിപ്പിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. ട്രംപ് ഒരു രാഷ്ട്രീനേതാവല്ല, അദ്ദേഹം എന്താണോ അതാണ് നിങ്ങൾ കാണുന്നത്. എതിർസ്ഥാനാർഥി ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ വലിയ വ്യതാസമുണ്ടെന്നും ഇന്ത്യൻ വോയ്സസ് ഫോർ ട്രംപ് സംഘടിപ്പിച്ച ചർച്ചയിൽ നിക്കി പറഞ്ഞു. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രചരണ പരിപാടികളിൽ സജീവമായിരിക്കുകയാണ് നിക്കി ഹാലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.