1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2021

സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തതോടെ എല്ലാ കണ്ണുകളും ഇനി സെനറ്റിലേക്ക്. സെനറ്റിലെ വിചാരണയാണ് അടുത്ത ഘട്ടം. എന്നാൽ, ഈ മാസം 19 വരെ സെനറ്റ് പിരിഞ്ഞിരിക്കുകയാണ്. 20ന് ആണു ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നത്.

വിചാരണാ നടപടികൾ മിക്കവാറും ബൈഡൻ അധികാരമേറ്റ ശേഷമാകും. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമാണ്.

ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ബുധനാഴ്ച മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ 197ന് എതിരെ 232 വോട്ടുകൾക്കാണു ട്രംപിനെ ഇംപീച്ച് ചെയ്തത്. 4 അംഗങ്ങൾ വിട്ടുനിന്നു. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റാരോപണത്തെ പിന്തുണച്ച് 10 റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ടു ചെയ്തു.

രണ്ടു വട്ടം ഇംപീച്ച്മെന്റിനു വിധേയനായ ആദ്യ പ്രസിഡന്റ് എന്ന ദുഷ്പേരോടെയാണു ട്രംപ് സ്ഥാനമൊഴിയാൻ പോകുന്നത്. സഭയിലെ 4 ഇന്ത്യൻ വംശജരായ എയ്‌മി ബേറ, റോ ഖന്ന, രാജ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവരും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.

യുഎസിൽ ഇതുവരെ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു പുറത്താക്കിയിട്ടില്ല. ആൻഡ്രൂ ജോൺസൻ (1868), ബിൽ ക്ലിന്റൻ (1998) എന്നിവരെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തരാക്കി. 1974ൽ ഇംപീച്ച്മെന്റ് ഭീഷണി ഉയർന്നപ്പോൾ റിച്ചഡ് നിക്സൻ രാജിവച്ചു. 2019ൽ ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി.

ട്രംപ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു ഡമോക്രാറ്റുകൾ രണ്ടാം ഇംപീച്ച്മെന്റിനു മുന്നിട്ടിറങ്ങിയത്. സെനറ്റിൽ ഇരുപക്ഷവും തുല്യശക്തിയാണ് (50–50). വിചാരണ ചെയ്തു ശിക്ഷിക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഇതിന് 17 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കണം. ട്രംപ് വീണ്ടും മത്സരിക്കുന്നതു തടയണമെങ്കിൽ, ആ വിഷയത്തിൽ സെനറ്റിൽ മറ്റൊരു വോട്ടെടുപ്പു കൂടി നടത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.