1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കുള്ള വാഗ്ദാനം തള്ളി ഇറാന്‍; ട്രംപുമായുള്ള കൂടിക്കാഴ്ച ഇറാന് അപമാനകരമെന്ന് മറുപടി. ഉപാധി വയ്ക്കാതെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന തള്ളിയ ഇറാന്‍ നേതാക്കള്‍ ട്രംപുമായി ചര്‍ച്ച നടത്തുന്നത് ഇറാന് അപമാനകരമാണെന്നും തിരിച്ചടിച്ചു.

ഇറാനുമായുള്ള ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഭീഷണി മുഴക്കുകയും ചെയ്തശേഷം ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് വില കല്പിക്കുന്നില്ലെന്ന് ഇറാന്റെ വിദേശബന്ധ സമിതി മേധാവി കമാല്‍ ഖറാസി പറഞ്ഞു. ട്രംപുമായി ചര്‍ച്ച നടത്തുന്നത് ഇറാന് അപമാനകരമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അലി മോടാഹരി ചൂണ്ടിക്കാട്ടി. അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി അബ്ദല്‍റേസാ റഹ്മാനി ഫസിലിയുടെ പ്രതികരണം.

ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുന്നവരെ എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവകരാറിലേക്കു പിന്തിരിയുക മാത്രമാണ് വാഷിംഗ്ടണുള്ള മാര്‍ഗമെന്നു പ്രസിഡന്റ് റുഹാനിയുടെ വക്താവ് പറഞ്ഞു. യുഎസിന്റെ നിയമവിരുദ്ധ പിന്മാറ്റത്തിനുശേഷം പന്ത് യൂറോപ്പിന്റെ കോര്‍ട്ടിലാണെന്ന് ബ്രിട്ടീഷ് സ്ഥാനപതിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ റുഹാനി വ്യക്തമാക്കി.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയോടൊപ്പം തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇറാനുമായി ചര്‍ച്ച നടത്താമെന്ന് ട്രംപ് പറഞ്ഞത്. ഉപാധിയൊന്നുമില്ല. അവര്‍ തയാറാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആരുമായും കൂടിക്കാഴ്ചയ്ക്കു മടിയില്ല. ഇരുകൂട്ടര്‍ക്കും ലോകത്തിനും ഇതു നല്ലതാണ്. അവര്‍ തയാറാണോ എന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.