1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2018

സ്വന്തം ലേഖകന്‍: അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9 ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൈകൊടുത്തപ്പോള്‍ ലോകം ചോദിക്കുന്ന ചോദ്യം ചരിത്രപ്രധാന കൂടിക്കാഴ്ച്ചയ്ക്ക് എന്തുകൊണ്ട് സെന്റോസ ദ്വീപ് വേദിയായി എന്നതാണ്.

സിംഗപ്പൂരിന്റെ തെക്കന്‍ തീരത്തുനിന്ന് അരക്കിലോമീറ്റര്‍ ദൂരത്തിലാണ് സെന്റോസ സ്ഥിതി ചെയ്യുന്നത്.സമാധാനവും ശാന്തതയുമെന്നാണ് മലായ് ഭാഷയിലുള്ള സെന്റോസ എന്ന വാക്കിന്റെ അര്‍ഥം. മൂന്നു പതിറ്റാണ്ട് മുമ്പ് വരെ സെന്റോസയ്ക്ക് പേര് ‘പുലവോ ബെലാകങ് മെറ്റി’ എന്നായിരുന്നു. അതിന്റെ അര്‍ഥമാകട്ടെ ‘മരണത്തിന്റെ ദ്വീപ്’ എന്നും.

കടല്‍ കൊള്ളക്കാരുടെ ഒളിത്താവളമായിരുന്നു ഈ ദ്വീപ് എന്നാണ് ഒരു കഥ. ദ്വീപിനെക്കുറിച്ച് പ്രചരിക്കുന്ന മറ്റൊരു കഥ സമീപത്തുള്ള പുലവോ ബ്രാനി ദ്വീപില്‍ അടക്കം ചെയ്യപ്പെട്ട വീരയോദ്ധാക്കളുടെ ആത്മാക്കള്‍ വിഹരിക്കുന്ന സ്ഥലമാണ് സെന്റോസ എന്നതാണ്. 1840 കളുടെ അവസാനം ദ്വീപിലെ ജനങ്ങള്‍ ഒരു മഹാരോഗത്തിന് അടിപ്പെട്ടെന്നും ഒരാള്‍ പോലുമവശേഷിക്കാതെ എല്ലാവരും മരണത്തിന് കീഴടങ്ങിയെന്നും മറ്റൊരു കഥ.

1942ല്‍ ജാപ്പനീസ് സൈന്യം സിംഗപ്പൂര്‍ കീഴ്ടടക്കിയ ശേഷം ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍ പോരാളികളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇടമായിരുന്നു ഈ ദ്വീപ്. തടവുകാരും ചൈനീസ് വംശജരും കോണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായ രീതിയില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ടു. ജപ്പാന്‍ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു കൂട്ടത്തോടെ ഇവരെ കൊന്നൊടുക്കിയത്. അക്കാലത്ത് ചില ദിവസങ്ങളില്‍ 300 ശവശരീരങ്ങള്‍വരെ തീരത്തടിയുമായിരുന്നെന്ന് രേഖകള്‍ പറയുന്നു.

1970 കളില്‍ 500 ഹെക്ടറോളം പരന്നു കിടക്കുന്ന സെന്റോസയ്ക്ക് ആഡംബര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ പുനര്‍ജന്മമായി. 17 ആഡംബര ഹോട്ടലുകള്‍, 2 ഗോള്‍ഫ് ക്ലബ്ബുകള്‍, മൂന്ന് കിലോമീറ്ററോളം വരുന്ന മനോഹരമായ കടല്‍ത്തീരം, മ്യൂസിയങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയവയെല്ലാമായി സിംഗപ്പൂരിലേയും ലോകരാജ്യങ്ങളിലേയും അതിസമ്പന്നരുടെ പ്രിയപ്പെട്ട ഒഴിവുകാല ലക്ഷ്യങ്ങളില്‍ ഒന്നാണിന്ന് സെന്റോസ.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.