1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; സമ്പൂര്‍ണ ആണവനിരോധനം ഉറപ്പാകുമെന്ന് ട്രംപ്; നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍. ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തര കൊറിയ അറിയച്ചതായി ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ മേഖലയാക്കുമെന്ന് കിമ്മും ഉറപ്പു നല്‍കി.ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്‍, ജപ്പാന്റെ ഷിന്‍സോ അബെ, ചൈനയുടെ ഷി ജിന്‍ പിങ് എന്നിവര്‍ക്കും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ നന്ദി രേഖപ്പെടുത്തി.

ആണവ നിരായുധീകരണ വ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൂടിക്കാഴ്ചയില്‍. യുദ്ധതടവുകാരെ കൈമാറാനും ധാരണയായി. ഇതനുസരിച്ച് അമേരിക്കയും ഉത്തരകൊറിയയും അടിയന്തരമായി യുദ്ധതടവുകാരെ കൈമാറും.കൊറിയന്‍ ഉപദ്വീപിലെ സമാധാനത്തിനായി രണ്ടു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിഷ്ടമനുസരിച്ച് പരസ്പരം സൗഹൃദം നിലനിര്‍ത്തും.

ആണവനിരായുധീകരണം അന്താരാഷ്ട്ര സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. 195053 ലെ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെയത്തിക്കാനും തീരുമാനമായി. ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിനൊപ്പം ചര്‍ച്ചയ്‌ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നവര്‍ ട്രംപിനൊപ്പവുമെത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.