1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2020

സ്വന്തം ലേഖകൻ: താജ്മഹലിന്റെ സൗന്ദര്യം നുകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവരും അദ്ദേഹത്തിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു.

അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്. വിമാനത്താവളത്തില്‍ ട്രംപിനെ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ 250ലേറെ നര്‍ത്തകര്‍ അണിനിരന്നു. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.

ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന 13 കിലോമീറ്റര്‍ പാതയില്‍ ഉടനീളം ട്രംപിനെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും അന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളും സ്ഥാപിച്ചിട്ടുണ്ട്. നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ 3000 കലാകാരന്മാരെയാണ് വഴിയരികില്‍ ഉടനീളം അണിനിരത്തിയിട്ടുള്ളത്. 15,000 സ്‌കൂള്‍ വിദ്യാര്‍ഥികളും ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി അണിനിരന്നു.

താജ് മഹലിനടുത്ത് ട്രംപും കുടുംബവും ഒരു മണിക്കൂറോളം ചെലവഴിക്കും. വിമാനത്താവളത്തില്‍നിന്ന് താജ് മഹല്‍ കോംപ്ലെക്‌സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമര്‍വിലാസ് ഹോട്ടല്‍വരെ ട്രംപിന്റെ വാഹനവ്യൂഹം എത്തി. അവിടെനിന്ന് താജ് മഹലിന് അടുത്തേക്ക് പരിസ്ഥിതി സൗഹൃദ ഗോള്‍ഫ് കാര്‍ട്ടുകളിലാണ് അദ്ദേഹം താജ്മഹലിന് സമീപമെത്തിയത്. 20 ഗോള്‍ഫ് കാര്‍ട്ടുകളാണ് ട്രംപിന്റെ സന്ദര്‍ശനത്തനുവേണ്ടി ഒരുക്കിയിട്ടുള്ളത്.

ട്രംപ് ആഗ്ര സന്ദര്‍ശിക്കാന്‍ എത്തുന്നതിന് തൊട്ടുമുമ്പ് ദല്‍ഹിയില്‍ പൗരത്വ നിയമ ഭേഗദതിക്കെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗോക്കല്‍പുരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ ഭജന്‍പുരയിലെ പെട്രോള്‍ പമ്പിന് തീപിടിച്ചു. ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്. 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായി.ജാഫര്‍ബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഞായറാഴ്ചയുണ്ടായ കല്ലേറിന്റെ ബാക്കിപത്രമാണ് സംഘര്‍ഷമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.