1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയിലെ ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; എന്നാല്‍ ചര്‍ച്ചയാകാമെന്ന് നിലപാട് മാറ്റി ട്രംപ്. കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു തുരങ്കങ്ങളും മറ്റു കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ നിശ്ചല ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ അടുത്ത മാസം 12 ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം ട്രംപ്, ഉത്തരകൊറിയന്‍ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഈ പ്രസ്താവന വന്ന് 24 മണിക്കൂറിനുള്ളില്‍ ഇത് തള്ളി ചര്‍ച്ച നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.
ഉച്ചകോടിയില്‍നിന്നു പിന്മാറുകയാണെന്ന യുഎസിന്റെ പ്രഖ്യാപനത്തോട് നയതന്ത്രമര്യാദ പുലര്‍ത്തി ഉത്തരകൊറിയ നടത്തിയ പ്രതികരണം സ്വാഗതാര്‍ഹമാണെന്നു ട്രംപ് പറഞ്ഞു. അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടി തടസ്സപ്പെട്ട സാഹചര്യത്തില്‍ എന്തു തുടര്‍ നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഉത്തര–ദക്ഷിണ കൊറിയ തലവന്മാര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായിരുന്നു ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള അതീവസുരക്ഷാ പ്രദേശത്തായിരുന്നു ശനിയാഴ്ച വൈകിട്ടത്തെ കൂടിക്കാഴ്ച. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവിടുമെന്നും മൂണ്‍ ജെ ഇന്‍ അറിയിച്ചു.

ജൂണ്‍ 12ലെ സിംഗപ്പൂര്‍ ഉച്ചകോടിക്ക് വീണ്ടും പച്ചക്കൊടികാട്ടിയ അമേരിക്കന്‍ നയതന്ത്ര നീക്കത്തെ സ്വാഗതം ചെയ്ത ഉത്തര കൊറിയ. ഉച്ചകോടി വീണ്ടും സജീവമായത് തങ്ങളുടെ ഭാഗ്യമായി കരുതുന്നതായി അറിയിച്ചു. ഉച്ചകോടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുരോഗതികള്‍ ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്നും ഉത്തര കൊറിയന്‍ വക്താവ് കിം ഇയി ജിയോം പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.