1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2017

സ്വന്തം ലേഖകന്‍: ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്, മുസ്ലീം യാത്രാ വിലക്കിന്റെ കടുപ്പം കൂട്ടുമെന്നും സൂചന. കഴിഞ്ഞ ദിവസം ലണ്ടനിലെ മെട്രോയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയുന്ന കാര്യത്തില്‍ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇതിനോടകം താന്‍ നടത്തിയെന്നും ട്രംപ് ട്വിറ്ററില്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ പ്രസിദ്ധമായ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തിരുന്നു. ‘പരാജിതരായ’ ഭീകരര്‍ക്കു നേരെ കൂടുതല്‍ കര്‍ശനമായ സമീപനങ്ങളാണു വേണ്ടത്. അവരുടെ റിക്രൂട്ടിങ് ടൂള്‍ ആയിരിക്കെ ഇന്റര്‍നെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്’,’ എന്നായിരുന്നു സ്‌ഫോടനത്തോടുള്ള ട്രംപിന്റെ പ്രതികരണം.

അതേസമയം അമേരിക്കയിലേക്കുള്ള യാത്രാനിരോധന പരിധിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളില്‍ സൂചനയുണ്ട്. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എന്നാല്‍ ഒരുപക്ഷെ ഇത് രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ലന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു യു.എസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇക്കഴിഞ്ഞ ജനുവരി 27നു പുറത്തിറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിനും കോടതി നടപടികള്‍ക്കും ഇടയാക്കിയിരുന്നു. സ്‌ഫോടനം തടയാമായിരുന്നു എന്ന ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിക്കാന്‍ സ്‌കോട്ടലന്‍ഡ് യാര്‍ഡ് തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.