1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2021

സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരി 20 ബുധനാഴ്ചയാണ് ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക.

50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സുരക്ഷാസൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ജനുവരി 20ന് ക്യാപിറ്റോള്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനായി എല്ലാ നടപടികളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ആയിര കണക്കിന് നാഷ്ണല്‍ ഗാര്‍ഡ് ട്രൂപ്പുകള്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചിരിക്കുകയാണ്. വാഷിംഗ്ടണിലെ ഒട്ടുമിക്ക ഭാഗങ്ങളും അടച്ചിട്ടു കഴിഞ്ഞു. ക്യാപിറ്റോളിന് മൈലുകള്‍ അപ്പുറത്തുള്ള റോഡുകള്‍ വരെ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍വേലികളും വെച്ച് അടച്ചു.

സാധാരണ പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന നാഷണല്‍ മാളും ഇപ്രാവശ്യം അടച്ചിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ജനുവരി ആറിന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.