1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2019

സ്വന്തം ലേഖകന്‍: വെനസ്വേലയുടെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക; വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്; വെനസ്വേലയില്‍ കുരുങ്ങി ട്രംപ് ഭരണകൂടം. വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക. വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ അവിടുത്തെ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണെന്നും അതിനു കൂട്ടുനില്‍ക്കുന്നത് ഏ തു രാജ്യമായാലും സ്ഥാപനമായാലും ക്ഷമിക്കില്ലെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ വില്‍ക്കാന്‍ താത്പര്യമുണ്ടെന്ന് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച വെനസ്വേലന്‍ മന്ത്രി മാനുവല്‍ ക്വിവേഡോ വ്യക്തമാക്കിയിരുന്നു. ക്വിവേഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ബോള്‍ട്ടന്‍ മുന്നറിയിപ്പു നല്കിയിരിക്കുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണദാതാവാണ് വെനസ്വേല. ലോകത്ത് എണ്ണ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതിനിടെ വെനസ്വേലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ഏതുവിധേനയും താഴെയിറക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ഊര്‍ജിതമായി തുടരുകയാണ്.

പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് വ്യക്തമാക്കിയിരുന്നു. വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്. പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കില്ലെന്നും വിലയിരുത്തല്‍. വിദേശ കാര്യമന്ത്രാലയ മേധാവി എലിയറ്റ് ഏങ്കലാണ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്.

എന്നാല്‍ വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദിരോ നടത്തുന്ന ഏകാധിപത്യ ഭരണത്തെ തടയിടാന്‍ ഏത് മാര്‍ഗം സ്വീകരിക്കാനും തയ്യാറാണെന്നും ട്രംപ് വ്യകതമാക്കി. വെനസ്വേലയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഏത് വിധേനയും ഭക്ഷണവും മറ്റും എത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാന വരുമാനമാര്‍ഗമായ എണ്ണക്കച്ചവടം വിലക്കിയാല്‍ മഡുറോ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.