1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒറ്റയ്ക്കല്ലെന്ന് റിപ്പോര്‍ട്ട്. ട്രംപിനൊപ്പം ഭാര്യ മെലാനിയ ഉണ്ടാവുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ കുടുംബസമേതമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. മകള്‍ ഇവാന്‍കയും മരുമകന്‍ ജാരഡ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും. അമേരിക്കയിലെ വലിയൊരു നയതന്ത്ര സംഘം തന്നെ അദ്ദേഹത്തിനൊപ്പമുണ്ടാവുമെന്നും സൂചനയുണ്ട്.

ഇന്ത്യയും അമേരിക്കയും സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. വലിയൊരു സുരക്ഷാ സംഘവും ട്രംപിനൊപ്പമുണ്ടാവും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍, ട്രഷറി സെക്രട്ടറി സ്റ്റീവ് മനൂച്ചിന്‍, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, ഊര്‍ജ വിഭാഗം സെക്രട്ടറി ഡാന്‍ ബ്രോയിലെറ്റ്, എന്നിവരാണ് ട്രംപിനൊപ്പമുള്ള പ്രതിനിധി സംഘം. അമേരിക്കയുമായുള്ള വ്യാപാര കരാറിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ട്രംപ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

അതേസമയം യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റൈസര്‍ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമല്ല. നേരത്തെ വ്യാപാര കരാറില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വലിയ ചര്‍ച്ചകളും വിലപേശലുകളും ലൈറ്റൈസര്‍ നടത്തിയിരുന്നുവെങ്കിലും ഇരുഭാഗവും വിട്ടുവീഴ്ച്ച നടത്തിയിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴുള്ള അഭിപ്രായ ഭിന്നതകളുണ്ട്. ഇതാണ് ലൈറ്റൈസര്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം.

ഈ മാസം 24ന് അഹമ്മദാബാദിലാണ് ട്രംപ് എത്തുക. ഇതിന് ശേഷം റോഡ് ഷോ ഉണ്ടാവും. തുടര്‍ന്ന് മൊട്ടേര സ്‌റ്റേഡിയത്തില്‍ മോദിയും ട്രംപും ജനങ്ങളെ അഭിവാദ്യം ചെയ്യും. ട്രംപും കുടുംബവും ആഗ്രയിലും താജ് മഹലിലും സന്ദര്‍ശനം നടത്തുന്നുണ്ട്. അതേസമയം ട്രംപിന് തന്റെ സുരക്ഷാ വാഹനം ഇവിടെ ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. താജ് മഹലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.