1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി വളരെ മുമ്പുതന്നെ ഇന്ത്യ കഠിന പ്രയത്‌നം നടത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് ഇന്ത്യയുടെ കാര്യമാണ്. വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ല. ജനങ്ങള്‍ക്കുവേണ്ടി ഉചിതമായ തീരുനമാനം ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേട്ടുവെങ്കിലും അതുസംബന്ധിച്ച ചര്‍ച്ചയും പ്രധാനമന്ത്രി മോദിയുമായി നടത്തിയില്ല. അതും ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദര്‍ശത്തിന്റെ രണ്ടാം ദിവസമാണ് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തിയത്.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് വടക്കും കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വം നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷം വിവിധയിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തത്. അക്രമ സംഭവങ്ങള്‍ ഒരു പോലീസ് കോണ്‍സ്റ്റബിളടക്കം പത്തുപേര്‍ മരിച്ചു.

നിരവധി വീടുകളും കടകളും വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. അക്രമ സംഭവങ്ങളെപ്പറ്റി കേട്ടുവെങ്കിലും പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അതേപ്പറ്റി സംസാരിച്ചില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാനസികാരോഗ്യരംഗത്തെ ചികിത്സ, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്നാണ് ധാരണയായത്. കൂടാതെ വിപുലമായ വ്യാപാരകരാറിനും ധാരണയായി.

ഇന്ത്യയുടെ വികസനത്തിലും സ്ത്രീസംരഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിലും അമേരിക്കയുടെ സഹകരണമുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. പ്രതിരോധകരാറില്‍ ഒപ്പുവെച്ചെന്നും ആഭ്യന്തരസുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും ട്രംപ് അറിയിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്നും ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും ചേര്‍ന്ന് നടത്തിയ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാനിന്റെ മണ്ണില്‍ നിന്നും ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും ട്രംപ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ ട്രംപ് അമേരിക്കയും ഇന്ത്യയും തമ്മില്‍ എക്കാലത്തേക്കാളും ശക്തമായ ബന്ധമാണ് ഇപ്പോള്‍ ഉള്ളതെന്നും ട്രംപ് പറഞ്ഞു.

താലിബാന്‍ – അമേരിക്ക സൈനിക പിന്മാറ്റകരാറിനെ പിന്തുണയ്ക്കുന്നതായി മോദി അറിയിച്ചു. രക്തച്ചൊരിച്ചില്‍ ആരും ആഗ്രഹിക്കുന്നില്ല. ഇന്ത്യ -പാക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാൻ തയാറാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും യു.എസും 22000 കോടി രൂപയുടെ (300കോടി ഡോളർ) പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വിപുലമാക്കുമെന്നും ഇന്ത്യ യു.എസിൽ നിന്ന്​ 22000കോടി രൂപയുടെ അത്യാധുനിക സൈനിക ഉപകരണങ്ങൾ വാങ്ങുമെന്നും ഹൈദരാബാദ്​ ഹൗസിലെ കൂടിക്കാഴ്​ചക്ക്​ ശേഷം സംയുക്ത പ്രസ്​താവനയിൽ ​ ​ട്രംപ്​ പറഞ്ഞു.

അപാച്ചെ-എം. എച്ച്​ 60 റോമിയോ ഹെലികോപ്​റ്റർ ഉൾപ്പെടെ ഇന്ത്യ യു.എസിൽ നിന്ന്​ വാങ്ങും. ഇത്​ ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനിക ശക്തി വർധിപ്പിക്കുമെന്നും ട്രംപ്​ അഭിപ്രായപ്പെട്ടു. നേരത്തേ ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച്​ ധാരണയായ കരാർ ചൊവാഴ്​ച ഒപ്പുവെക്കുകയായിരുന്നു. കഴിഞ്ഞ ആഴ്​ചയാണ്​ ഇതു സംബന്ധിച്ച്​ ധാരണയിലെത്തിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.