1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2020

സ്വന്തം ലേഖകൻ: ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു തങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും. – ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

അഞ്ച് മാസം മുന്‍പ് ടെക്‌സാസിലെ വലിയൊരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പ്രധാനമന്ത്രി മോദിയെ അമേരിക്ക വരവേറ്റത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ സ്വീകരണം ഞങ്ങളൊരിക്കലും മറക്കില്ല.

ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകും- ട്രംപ് പറഞ്ഞു. ഇസ്‌ലാമിക ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യയും യു.എസും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്നും മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധകരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

“തീവ്രവാദം ഇല്ലാതാക്കണമെന്ന് പാകിസ്ഥാനോട് ട്രംപ് ആവശ്യപ്പെട്ടു. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെ നയം അനുസരിച്ചാണ് അത്തരം തീരുമാനങ്ങള്‍. പാക്കിസ്ഥാനുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണം.

തീവ്രവാദത്തിന് മുന്നില്‍ അതിര്‍ത്തികള്‍ അടയ്ക്കണം. ടൈഗര്‍ ട്രെയല്‍സ് എന്ന പേരില്‍ ഇന്ത്യ-അമേരിക്ക വ്യോമസേനകള്‍ സംയുക്ത പരിശീലനം സംഘടിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധസംവിധാനങ്ങളും അമേരിക്കയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി യു.എസ് മാറണം എന്നാണ് ആഗ്രഹം. ആ നിലയ്ക്കാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നത്,” ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വഗതം എന്നു പറഞ്ഞാണ് മോദി ട്രംപിനെ സ്വാഗതം ചെയ്തത്. 11.40നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍പോര്‍ട്ടിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്‌.

12.30ന് അദ്ദേഹം സബര്‍മതി ആശ്രമത്തിലെത്തി. ഗാന്ധി ചിത്രത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് മാല അണിയിച്ചു. ഇതിനു ശേഷമാണ് അദ്ദേഹം ആശ്രമത്തിനുള്ളിലേക്ക് പ്രവേശിച്ചത്. 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയും ഗുജറാത്തില്‍ ഒരുക്കിയിരുന്നു. റോഡ് ഷോയുടെ ഇരുവശത്തും ഇന്ത്യയുടെ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.

സബർമതി ആശ്രമത്തിൽ നൂൽനൂറ്റ് ഇന്ത്യയിലേക്കുള്ള ആദ്യവരവ് അവിസ്മരണീയമായി തുടങ്ങുകയായിരുന്നു ഡൊണാൾഡ് ട്രംപ്. ആശ്രമത്തിൽ ഉറ്റ ചങ്ങാതിയെപോലെ എല്ലാം നടന്ന് കാണിക്കുന്നുണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളെ ഒരുവട്ടം കാണാൻ മണിക്കൂറുകളാണ് ജനം റോഡരികിൽ കാത്ത് നിന്നത്.

പ്രസംഗത്തിനിടെ ഇരുനേതാക്കളും തങ്ങളുടെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞു. കനത്ത ചൂടിലും ഒരു ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ട്രംപിന്റെ സന്ദർശനം ഇന്ത്യ – അമേരിക്ക ബന്ധത്തിലെ പുതിയ നാഴികകല്ലെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിനെതിരെ ഇന്ത്യയുമൊത്ത് പോരാടുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍. നാളെ മുന്നൂറ് കോടി ഡോളറിന്റെ പ്രതിരോധകരാർ ഒപ്പിടും. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11-ന് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

കൂടാതെ ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ച് ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ട് ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.