1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2017

സ്വന്തം ലേഖകന്‍: ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒന്നിച്ചു നീങ്ങാമെന്ന് നിര്‍ദേശിക്കുന്ന കത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന് ചൈനീസ് പുതുവര്‍ഷ ആശംസയും ട്രംപ് നേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണചൈനക്കടലിലെ ചൈനയുടെ അവകാശവാദത്തെയും തായ്വാനുമായുള്ള ഏകചൈന നയത്തെയും അടുത്തിടെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനയെ പ്രകോപിപ്പിച്ച് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നുമായി ടെലിഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു. ചൈനയുമായി മികച്ച ബന്ധംതുടരാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് ട്രംപിന്റെ സ്വരം മയപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.

ചൈനയുടെ വ്യാപാര ഇടപാടുകളെയും സൗത്ത് ചൈന കടലിലെ സൈനിക വിന്യാസത്തെയും വിമര്‍ശിച്ചതിനു പിന്നാലെയാണ് യോജിച്ചു പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന കത്ത് എന്നത് ചൈനീസ് മാധ്യമങ്ങളേയും അത്ഭുതപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച് ഷി അയച്ച കത്തിനു മറുപടിയായി അയച്ച കത്തിലാണ് ട്രംപ് സഹകരണത്തിന് സന്നദ്ധത അറിയിച്ചത്.

പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ട്രംപ് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരാസാ മേയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുമായി നേരിട്ടും ഫോണി ലൂടെയും സംസാരിച്ചിരുന്നു. ഈ ആഴ്ച അവസാനം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വൈറ്റ് ഹൗസില്‍ ട്രംപിനെ കാണും.

തായ്വാനില്‍ ഒറ്റ ചൈന നയം നടപ്പാക്കുന്നതിനെ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് എതിര്‍ത്തിരുന്നു. എന്നാല്‍, ഈ നയം പിന്തുടരുന്നത് തായ്വാനു ഗുണം ചെയ്യുമെന്ന നിലപാടിലായിരുന്നു ചൈന. ട്രംപിന്റെ കത്തിനെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.