1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ല; ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ആദ്യ വെടി പൊട്ടിച്ച് ട്രംപ്; പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ സുരക്ഷാ സന്നാഹം. ബ്രിട്ടനില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപ് ‘ദ സണ്‍’ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തെരേസാ മേയ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.

ഒരു പക്ഷെ ബ്രെക്‌സിറ്റ് നടപ്പിലാകുകയാണെങ്കില്‍ യുകെയ്ക്കു പകരം യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക വാണിജ്യ കരാറില്‍ ഏര്‍പ്പെടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ബ്രെക്‌സിറ്റ് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ യു.എസുമായി വ്യാപാരബന്ധം വര്‍ധിപ്പിക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.

ഇതിനിടെ, ട്രംപിന്റെ സന്ദര്‍ശനത്തില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് എലിസബത്ത് രാജ്ഞിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിക്കുശേഷമാണ് ട്രംപും ഭാര്യ മെലാനിയയും എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ലണ്ടനിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും എലിസബത്ത് രാജ്ഞിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണു ബ്രിട്ടനില്‍ അലയടിക്കുന്നത്. ‘ട്രംപ് ബേബി’ എന്ന രൂപത്തില്‍ ട്രംപിനെ നാപ്കിന്‍ ധരിച്ചിരിക്കുന്ന ഒരു കുട്ടിയായി ചിത്രീകരിച്ചുള്ള പാവകളുമായാണു പല പ്രതിഷേധക്കാരും തെരുവുകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ‘കീപ് ട്രംപ് എവേക്ക് ഇന്‍ ലണ്ടന്‍’ എന്ന പേരില്‍ രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സമരം ട്രംപ് താമസിക്കുന്ന സ്ഥലത്തിനു സമീപം നടത്താനും പദ്ധതിയുണ്ട്. 50,000 പേര്‍ പങ്കെടുക്കുന്ന വന്‍പ്രകടനവും നടക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.