1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ ലീലാവിലാസങ്ങളുടെ രേഖകള്‍ റഷ്യക്കാരില്‍നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് ചാരന്‍ അപ്രത്യക്ഷനായി. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവിക്കു ഹാനികരമായ ഇന്റലിജന്‍സ് രേഖകള്‍ യുഎസിനു കൈമാറിയെന്നു കരുതുന്ന മുന്‍ ബ്രിട്ടീഷ് ചാരന്‍ ഇംഗ്‌ളണ്ടിലെ ബര്‍ക് ഷയര്‍ സ്വദേശി ക്രിസ്റ്റഫര്‍ സ്റ്റീലിനെ കാണ്മാനില്ലെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

ട്രംപിനെ തേജോവധം ചെയ്യുന്ന രേഖകളുടെ ഉള്ളടക്കം അമേരിക്കയിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ബസ്ഫീഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോസ്‌കോയിലെ ആഡംബര ഹോട്ടലില്‍ ട്രംപ് താമസിച്ചതിന്റെയും ലൈംഗിക തൊഴിലാളികളുടെ സേവനം തേടിയതിന്റെയും വിവരങ്ങളും ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങളുമാണ് ബസ്ഫീഡ് പുറത്തുവിട്ടത്.

ട്രംപിനെ ഭാവിയില്‍ ബ്ലാക് മെയില്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരം ബ്രിട്ടീഷ് ചാരന്‍ ചോര്‍ത്തിയെടുത്ത് യുഎസിനു കൈമാറുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നു ശേഖരിച്ച മറ്റു റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 35 പേജുവരുന്ന രേഖകളുടെ ചുരുക്കം രണ്ടു പേജിലാക്കി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ട്രംപിനും ഒബാമ ഭരണകൂടത്തിനും നല്‍കി. ഇതു ചോര്‍ത്തിയാണു ബസ്ഫീഡ് പ്രസിദ്ധീകരിച്ചത്.

രാഷ്ട്രീയ വൈരാഗ്യം വച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിതെന്നു ട്രംപ് പറഞ്ഞു. ട്രംപിനെതിരേ യാതൊരു വിവരവും ശേഖരിച്ചിട്ടില്ലെന്നും യുഎസ്‌റഷ്യ ബന്ധം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവര്‍ ചമച്ച കെട്ടുകഥയാണിതെന്നും ക്രെംലിന്‍ വക്താവ് പെസ്‌കോവ് പറഞ്ഞു. ക്രിസ്റ്റഫര്‍ സ്റ്റീലാണ് ട്രംപിനെതിരേയുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നു ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് സ്റ്റീല്‍ അപ്രത്യക്ഷനായതെന്നാണ് സൂചന. ജീവന്‍ അപകടത്തിലാണെന്ന ഭയം മൂലമാണു സ്റ്റീല്‍ ഒളിവില്‍ പോയതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു രൂപീകരിച്ച ഓര്‍ബിസ് ബിസിനസ് ഇന്റലിജന്‍സ് എന്ന കമ്പനിയുടെ ഡയറക്ടറാണ് സ്റ്റീല്‍.2009ല്‍ രൂപീകൃതമായ കമ്പനിയുടെ ആസ്ഥാനം സെന്‍ട്രല്‍ ലണ്ടനിലെ ഗ്രോസ്‌വെനറിലാണ്. ആഗോളതലത്തില്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ടവര്‍ക്കു നല്‍കുകയാണു കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. ബ്രിട്ടീഷ് ഇന്റലിജന്‍സിനുവേണ്ടി റഷ്യയിലും ഫ്രാന്‍സിലും നിരവധി വര്‍ഷങ്ങള്‍ സ്റ്റീല്‍ ജോലി ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.