1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

സ്വന്തം ലേഖകന്‍: ‘പ്രചാരണ സമയത്തെ ക്രൂരമായ പ്രയോഗങ്ങള്‍ മറക്കുക’, ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ട്രംപ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിലുണ്ടായ ഭിന്നതകള്‍ മറന്ന് രാഷ്ര്ടനിര്‍മാണ യജ്ഞത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു.

നന്ദിപ്രകാശന ദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച പുറപ്പെടുവിച്ച രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ട്രംപ് ഐക്യ ആഹ്വാനം പുറപ്പെടുവിച്ചത്. പ്രചാരണവേളയിലെ വാക്കുതര്‍ക്കങ്ങളും മറ്റും വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കാം. അതെല്ലാം ഒറ്റ ദിവസംകൊണ്ട് ഉണങ്ങുമെന്നു കരുതരുത്.

എന്നാല്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിനും വാഷിംഗ്ടണില്‍ യഥാര്‍ഥ മാറ്റം വരുത്തുന്നതിനും നമുക്ക് അവസരം കിട്ടിയിരിക്കുകയാണ്. അമേരിക്ക ഒറ്റക്കെട്ടായി നിന്നാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും ട്രംപ് സന്ദേശത്തില്‍ പറഞ്ഞു. ജനുവരിയില്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാനിരിക്കുന്ന ട്രംപ് പ്രധാന സ്ഥാനങ്ങളിലേക്ക് തന്റെ വിശ്വസ്തരെ നിയമിക്കുന്ന തിരക്കിലാണ്.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ നിലപാടുകള്‍ ട്രംപ് മയപ്പെടുത്തിയതായി നിരീക്ഷകരും വിലയിരുത്തുന്നു. എതിരാളിയായിരുന്ന ഹില്ലരി ക്ലിന്റനെതിരെയുള്ള ഈമെയില്‍ കേസിലും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള കരാറുകളിലും നേരത്തെ പുലര്‍ത്തിയിരുന്ന തീവ്രനിലപാടുകള്‍ അടുത്തിടെ ട്രംപ് മയപ്പെടുത്തിയിരുന്നു.

തന്റെ വിജയം വെള്ളക്കാരുടെ ആധിപത്യത്തിന്റെ വിജയമാണെന്ന തീവ്രനിലപാടുകാരുെട വാദത്തെ ട്രംപ് നിഷേധിച്ചതും ശ്രദ്ധേയമായി. അതിനിടയിലും പുറത്തുവരുന്ന അഭിപ്രായ സര്‍വേകളില്‍ ട്രംപിന്റെ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷ ഉണ്ടെന്നാണ് ഭൂരിപക്ഷം ആളുകളും വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.